'കൈപ്പത്തി' വേണ്ട; പികെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും


പാലക്കാട്: കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെ, ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. പ്രശ്ന പരിഹാരത്തിന് കോൺഗ്രസിൽ ചേരാൻ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തിൽ മത്സരിക്കാൻ പി കെ ശശി തീരുമാനിച്ചത്.


കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്ളക്സുകളും ഒറ്റപ്പാലം മണ്ഡലത്തിൽ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കുക എന്നത് പാർട്ടിക്ക് അകത്തെ പ്രശ്നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തിൽ രക്ഷപ്പെടാനുള്ള മാർഗം തേടലാണെന്നാണ് പി കെ ശശി ഇതിനോട് പ്രതികരിച്ചത്.


ഒരാളെ പുറത്താക്കിയതുകൊണ്ട് അവരൊന്നും നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരിക്കലും പരിഹാരം ഉണ്ടാകില്ല. താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന് പാർട്ടി അറിഞ്ഞു നൽകിയ സ്ഥാനമാനങ്ങളാണ് തനിക്ക് ലഭിച്ചത്. അല്ലാതെ ഇവന്റെയൊന്നും സൗജന്യമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ വിമർശനത്തിന് മറുപടിയായി പി കെ ശശി പറഞ്ഞു.


പാർട്ടി അറിഞ്ഞു നൽകിയ സ്ഥാനങ്ങളാണ് അതെല്ലാം. ശരിയായ രൂപത്തിലാണ് അത് ഉപയോഗിച്ചിട്ടുള്ളത്. സുരേഷ് ബാബു ഒന്നിനും പറ്റാത്ത ഒരാളാണെന്ന് കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ കണ്ടില്ലേ. ഇനി കാണാൻ പോകുന്നതേയുള്ളൂ. ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുക്കാനോ, പിന്നാലെ പോകാനോ, ഓച്ഛാനിച്ചു നിൽക്കാനോ, കുട പിടിക്കാനോ പി കെ ശശി ആയുസ്സിൽ ഇതുവരെ തയ്യാറായിട്ടില്ല. ശശി മരിക്കുന്നതുവരെ അതിനു തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കോടിയേരി മരിച്ചതോടെ പാർട്ടിയിൽ വൻ ശൂന്യതയാണെന്നാണ് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞത്. കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേർത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കിൽ ഈ ഗതി സിപിഎം പാർട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓർമപ്പെടുത്തുന്നു എന്നത് ഓർക്കണമെന്നും പി കെ ശശി വ്യക്തമാക്കി.

Previous Post Next Post