ശബരിമല: സിപിഎമ്മിന് നിലപാടുണ്ട്, സർക്കാർ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; ന്യായീകരിച്ച് എംഎ ബേബി



ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് സമൂഹത്തിന്റെ അഭിപ്രായം കണക്കിലെടുത്തെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ശബരിമല യുവതീ പ്രവേശനത്തിൽ ആചാരം സംരക്ഷിക്കുമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എംഎ ബേബി പാർട്ടി നിലപാട് വ്യക്തമാക്കുന്നത്.


ഇടത് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവാണ്. ആ ഉത്തരവിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വാഗതം ചെയ്തതാണ്. ചിലർ പിന്നീട് നിലപാട് മാറ്റി. ഇപ്പോൾ സുപ്രീം കോടതി തന്നെ അവരുടെ വിധി പുനപരിശോധിക്കാൻ തീരുമാനിച്ചു. അതിനോടുള്ള സമൂഹത്തിന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്ന അഭിപ്രായമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിന് അതിന്റെതായ അഭിപ്രായമുണ്ട്, ഈ അഭിപ്രായങ്ങൾ അതേപടി സർക്കാർ നടപ്പാക്കണം എന്ന് നിലപാട് എടുക്കാറില്ല. സമൂഹത്തിലെ പൊതുവിലുള്ള അവസ്ഥ നോക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഇടത് സർക്കാരിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. സമൂഹത്തിന്റെ അഭിപ്രായം മുന്നിൽക്കണ്ടാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നും എം എ ബേബി വ്യക്തമാക്കി.


യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്‌കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേവിഷയത്തിൽ മുൻ വിഎസ് സർക്കാർ സ്വീകരിച്ച നിലപാട് ഇപ്പോൾ മാധ്യമങ്ങളിൽ ചിലർ പരാമർശിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ പോലുള്ളവ വിഷയത്തിൽ നടപടി ക്രമങ്ങൾ മാറ്റുമ്പോൾ അത്തരം കാര്യങ്ങളിളിലെ പണ്ഡിതരുടെയും സമൂഹത്തിൽ അംഗീകാരമുള്ള സംഘത്തിൽ നിന്നും അഭിപ്രായം തേടണം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിദഗ്ധ സമിതി ഉൾപ്പെടെ ഇതിന് ഉദാഹരണമാണ്. സമാനമായ സാഹചര്യങ്ങളാണ് ഉണ്ടാകേണ്ടതെന്നും എം എ ബേബി ചൂണ്ടിക്കാട്ടുന്നു.



അതിനിടെ, ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. എം വി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.


ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് സിപിഎമ്മും സർക്കാരും വിഷത്തിൽ പ്രതികരിക്കുന്നത്. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

Previous Post Next Post