മലപ്പുറം: പാചകവാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകൾക്കിടെ മലപ്പുറത്ത് എൽപിജി പമ്പിൽ അനധികൃത ഗ്യാസ് വിൽപ്പന. കൊട്ടുക്കര എസ്എ ഓട്ടോ എൽപിജി പമ്പിൽ സിലിണ്ടറിൽ ഗ്യാസ് നിറച്ച് നൽകി. അമിത വിലയീടാക്കിയാണ് അനധികൃത ഗ്യാസ് വിൽപ്പന.
എൽപിജി പമ്പിൽ വാഹനങ്ങൾക്ക് ഗ്യാസ് നിറയ്ക്കാൻ മാത്രമാണ് അനുമതിയുള്ളതെന്നിരിക്കെ ചട്ട വിരുദ്ധമായി ഗാർഹിക, വാണിജ്യ സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചുനൽകുകയായിരുന്നു. രണ്ടായിരം രൂപ വരെയാണ് ഒരു സിലിണ്ടറിന് ഈടാക്കിയത്.
പുലർച്ചെ നാല് മണി മുതൽ ആളുകൾ എത്തി വരിനിൽക്കുന്ന സാഹചര്യമുണ്ടായി. ഇന്നലെ ആയിരത്തിലധികം ആളുകൾക്ക് സിലിണ്ടർ നിറച്ച് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെട്ട് അനധികൃതമായുള്ള ഗ്യാസ് വിൽപ്പന അവസാനിപ്പിച്ചത്.
