മറുകരതൊട്ട് പെരുമ്പളം; പെരുമ്പളം പാലം നാടിന് സമർപ്പിച്ചു; ഹർഷാരവത്തോടെ വരവേറ്റ് കെഎസ്ആർടിസി സർവീസ്

 


ആലപ്പുഴ: ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാർഥ്യമാക്കി പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. പതിനായിരത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്, കിഫ്ബി അനുവദിച്ച നൂറ് കോടി മുതൽമുടക്കിലാണ് പാലം നിർമ്മിച്ചത്.


ഇതിനൊപ്പം സെമി എലിവേറ്റഡ് പാതയായി പുനർനിർമിച്ച ആലപ്പുഴ -ചങ്ങനാശേരി റോഡ് (എസി റോഡ്), സവിശേഷ രൂപകൽപ്പനയിലൂടെ ശ്രദ്ധയാകർഷിച്ച പടഹാരം പാലം എന്നിവയും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.


ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടർന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. തലമുറകൾ കണ്ടൊരു സ്വപ്നമാണ് ഇന്ന് പെരുമ്പളം നിവാസികൾക്ക് യാഥാർഥ്യമായത്. ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്തുനിന്ന് വടുതലയിലേക്കാണ് പാലം നിർമ്മിച്ചത്. ബോട്ടിന്റെ സമയക്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ദ്വീപ് നിവാസികളുടെ ജീവിതം. 13 ബോട്ടുജെട്ടികളാണ് ദ്വീപിന് ചുറ്റുമായിയുള്ളത്. വാഹനങ്ങൾ എത്തിക്കാൻ ജങ്കാറുകളുമുണ്ട്. എറണാകുളം ജില്ലയിലെ പൂത്തോട്ട, ആലപ്പുഴ ജില്ലയിലെ പാണാവള്ളി എന്നിവിടങ്ങളിൽനിന്ന് അരമണിക്കൂർ ഇടവിട്ടാണ് ബോട്ട് സർവീസുകൾ. രാത്രി 9.45നാണ് പൂത്തോട്ടയിൽനിന്നും പാണാവള്ളിയിൽനിന്നും പെരുമ്പളത്തേക്കുള്ള അവസാന ബോട്ട്. മഴക്കാലമായാൽ ഇളകിമറിയുന്ന കായലിൽ ജീവനും കൈയിൽപ്പിടിച്ച് വേണം യാത്ര. ദ്വീപിനുള്ളിലെ പ്രധാന ഗതാഗതമാർഗം ഓട്ടോറിക്ഷകളാണ്.ഇവിടത്തെ ജെട്ടികളിൽ നിർത്തിയിടുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളായിരുന്നു രാത്രിയിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ ആശ്രയം.


ആരവങ്ങളോടെയാണ് ജനങ്ങൾ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. തുടർന്ന് ഔപചാരിക ഉദ്ഘാടന ചടങ്ങ് നടന്നു. പെരുമ്പളത്തെ നാട്ടുകാരുടെ ചിരകാല അഭിലാഷം സഫലമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആർടിസിയുടെ ബസ് സർവീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോർഡ് വെച്ചുള്ള കെഎസ്ആർടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോൾ ഹർഷാരവത്തോടെയാണ് ജനങ്ങൾ അതിനെ ഏറ്റെടുത്തത്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയമുള്ള പാലമാണ് പെരുമ്പളത്ത് നിർമിച്ചിരിക്കുന്നത്. മധ്യഭാഗത്ത് മഴവിൽ നിറത്തിൽ മൂന്ന് ബോ സ്ട്രിംഗ് ആർച്ചുകളും പാലത്തിന്റെ പ്രത്യേകതയാണ്. ഇവിടെ 12 മീറ്ററാണ് പാലത്തിന്റെ വീതി. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിർമിച്ചത്.


Previous Post Next Post