കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താചാനലായ മലയാള ശബ്ദം ഏഴാമത് വനിതാദിന പുരസ്കാര വിതരണ ചടങ്ങ് മാർച്ച് 10, ചൊവ്വാഴ്ച രാവിലെ 9.30ന് കോട്ടയം നാഗമ്പടത്തുള്ള റെഡ്ക്രോസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ കണ്ടെത്തി അവരുടെ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 6 വർഷമായി തുടർച്ചയായി നൽകിവരുന്ന പുരസ്കാരമാണ് സൂപ്പർ ലേഡി പുരസ്കാരം. ഇത്തവണ ഈ പുരസ്കാരത്തിനർഹരായിരിക്കുന്നത് 7 വനിതാരത്നങ്ങളാണ്.
പുരസ്കാരജേതാക്കൾക്കുള്ള ഫലകവും പ്രശസ്തിപത്രവും ബഹു. സഹകരണ,തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ വിതരണം ചെയ്യും. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നത് കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ശ്രീമതി ലതികാ സുഭാഷ് വനിതാദിന സന്ദേശം നൽകും. നിരവധി രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.
പുരസ്കാരത്തിനർഹരായവർ
ആലിയ ബിൻസി മാത്യു
കോട്ടയത്തും കൊച്ചിയിലുമായി 3 വെൽനസ്സ് ക്ലിനിക്കുകൾ നടത്തുന്ന ആലിയ അറിയപ്പെടുന്ന ഒരു സംരംഭകയും ജീവിതശൈലിയിലൂടെ മികച്ച ആരോഗ്യം നൽകുന്ന ഒരു കൺസൾട്ടൻസി ലൈഫ് സ്റ്റൈൽ കോച്ചുമാണ്.
പ്രൊഫ. ഡോ. മഞ്ജുള ആർ അയ്യർ
ചിന്മയ വിശ്വവിദ്യാപീഠ് ഡീംഡ് യുണിവേഴ്സിറ്റിയിലെ പ്രൊഫസറും റിസർച്ച് ഗൈഡും അക്കാഡമിക് ഡെപ്യൂട്ടി ഡീനുമാണ് പ്രൊഫ. മഞ്ജുള.
ഷൈനി എബ്രഹാം
ഡയറക്ടർ, മൗണ്ട് ഹൊറേബ് കെയർ സെന്റർ
വിവിധ മാരകരോഗങ്ങൾ ബാധിച്ച് ചികിത്സിയ്ക്കാൻ കഴിയാതെ വരുന്ന രോഗികൾക്ക് ചികിത്സയോടൊപ്പം താമസവും ഭക്ഷണവും വസ്ത്രങ്ങളും നൽകി മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃക കാണിച്ചുതരുന്ന ഷൈനി, തന്റെ അധ്യാപകജോലിയിൽ നിന്ന് റിട്ടയർമെന്റ് എടുത്താണ് മൗണ്ട് ഹൊറേബ് കെയർ സെന്റർ എന്ന തന്റെ പ്രസ്ഥാനത്തെ വളർത്തുന്നത്.
സരിഗ ഹരി
വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ കോട്ടയത്ത് പ്രശസ്തമായ സിഗ്നേച്ചർ മേക്കോവർ സ്റ്റുഡിയോയുടെ ഉടമ.
വൈജയന്തി വി കുമാർ
അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയും സിനിമാ-സീരിയൽ നടിയുമായ വൈജയന്തി, ഭ്രമണം എന്ന ഹിറ്റ് സീരിയലിന്റെ സംവിധായക കൂടിയാണ്.
ശാലിനി രാകേഷ്
വ്യക്തിത്വ വികാസത്തിലൂടെ പതിനായിരക്കണക്കിന് യുവതയെ നല്ലപാഠങ്ങൾ പഠിപ്പിച്ച അധ്യാപികയും മോട്ടിവേഷണൽ സ്പീക്കറും ആണ് ശ്രീമതി ശാലിനി രാകേഷ്.
ജമീമ ടി ജോയ്
അന്താരാഷ്ട്ര ജീവകാരുണ്യപ്രസ്ഥാനമായ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയാണ് ജമീമ.
