തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാൾ എസ്ഐആറിൽ അപ്പീൽ സമർപ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക പ്രഖ്യാപനമുണ്ടായേക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനൽ എന്നിവ പരിഗണിച്ച് കേരളത്തിൽ ഏപ്രിൽ 15നും 30നും ഇടയിൽ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബംഗാളിൽ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും. അസമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും കലക്ടർമാരുടെ യോഗം നേരത്തെ പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ സമർപ്പിച്ച റിപ്പോർട്ട് കേന്ദ്ര കമ്മീഷൻ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുക.
