'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍



തിരുവനന്തപുരം: കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്ന നിലപാടിൽ ഉറച്ച് കെ സുധാകരൻ എംപി. പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് സുധാകരന്റെ നിലപാട്. എംപിമാർ മത്സരിക്കേണ്ടെന്ന ഹെക്കമാൻഡ് നിർദേശത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കുന്നത്.


എംപിമാർ മത്സരിക്കേണ്ടന്ന തീരുമാനം ഹൈക്കമാൻഡ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുധാകരൻ പറയുന്നത്. നേതൃത്വം ചർച്ചയ്ക്ക് വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. താൻ മത്സരിക്കുന്നതിൽ പാർട്ടിക്ക് എന്താണ് ദോഷം എന്നുമാണ് സുധാകരൻ ഉയർത്തുന്ന ചോദ്യം. സഹപ്രവർത്തകർ നമ്മളോട് മത്സരിക്കാൻ ആവശ്യപ്പെടുകയാണ്. മത്സരിക്കാൻ അർഹതയുള്ളവർ മത്സരിക്കണ്ടെ. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും സുധാകരൻ പറയുന്നു.


അതേസമയം, കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് താൻ തന്നെയാണ് എഴുതിയതെന്നും സുധാകരൻ പറഞ്ഞു. കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വി ഡി സതീശൻ തന്നെ വിളിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പ്രതികരണം മറ്റ് വല്ലവരും നൽകിയ വിവരങ്ങൾ പ്രകാരമായിരിക്കുമെന്നും സുധാകരൻ പറയുന്നു. കെ സുധാകരൻ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് കെ സുധാകരന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞു എന്നുമായിരുന്നു വി ഡി സതീശന്റെ വാദം.


Previous Post Next Post