'എൻഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹർത്താൽ മാഫിയയെ തുടച്ചുനീക്കും'



കൊച്ചി: കേരളത്തിൽ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എൻഡിഎ അധികാരത്തിൽ വന്നാൽ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹർത്താൽ മാഫിയ എന്നിവയെ എല്ലാം എൻഡിഎ സർക്കാർ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കലൂരിൽ എൻഡിഎയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.


ജയ് വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയും ഏറ്റുവിളിച്ചുമാണ് മോദി പ്രസംഗം തുടങ്ങിയത്. 'കേരളത്തിന് പുതിയ ഭാവി വേണം. കേരള ജനത ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരികയാണ്.തൃശൂർ ജനത, തിരുവനന്തപുരത്തെ ജനത, നിരവധി തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർമാർ എൻ ഡി എയിൽ വിശ്വാസമർപ്പിച്ചതാണ് നാം കണ്ടത്, കേരളത്തിന് മഹത്തായ സംസ്‌കാരമുണ്ട്. വികസനം മാത്രമുണ്ടാകുന്നില്ല.എൽഡിഎഫ് സർക്കാർ പിന്നെ യുഡിഎഫ് സർക്കാർ ഈ രണ്ടു ഗ്രൂപ്പുകൾക്കിടയിൽ കേരളം മടുത്തു. ഇവർ രണ്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്തില്ല.മാറിമാറി ഭരിക്കുന്ന ഈ പാറ്റേൺ തകർക്കണം. ഇടത് വലത് സഖ്യങ്ങൾ മാറി ഭരിക്കുന്ന പാറ്റേൺ വികസനമുരടിപ്പിന് കാരണമാവുകയാണ്. കേരളത്തിന്റെ അതിവേഗ വികസനത്തിന് എൻ ഡി എ അധികാരത്തിൽ വരണം. അടുത്ത 5 വർഷം എൻഡിഎയ്ക്ക് ഭരണം നൽകണം. കേരളത്തിൽ വികസനം വരും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. കേരളത്തിൽ മാറാത്തത് ഇനി മാറും.'- അദ്ദേഹം പറഞ്ഞു


കേരളത്തിന്റെ അതിവേഗ വികസനത്തിന് ഈ രണ്ടു മുന്നണികളും മാറി മാറി അധികാരത്തിൽ വരുന്ന സ്ഥിതി അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കണം. അടുത്ത 5 വർഷം എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാൻ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും, കേരളവും വളരുമെന്നും നരേന്ദ്രമോദി പറഞ്ഞു.


മാനസിക- ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം. വിവാഹ പാർട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങൾക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. കേരളത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മാണത്തിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോൺഗ്രസിന്റെ യുവരാജാവിന് അറിയില്ല. ഡ്രോൺ നിർമ്മിക്കുന്ന നിരവധി കമ്പനികൾ ഭാരതത്തിലുണ്ടെന്ന് ഈ കോൺഗ്രസ് നേതാവിന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലർക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവർത്തനം കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും എൻഡിഎ സർക്കാർ കേരളത്തിലുണ്ടായാൽ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.


പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകൾ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അയൽരാജ്യങ്ങളിലെ സർക്കാരുകളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവിടുത്തെ ഭരണകൂടങ്ങളോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വിദേശത്തുള്ള ഇന്ത്യക്കാർക്ക് എല്ലാവിധ പിന്തുണയും നൽകാനായി ഇന്ത്യൻ എംബസികളും മിഷനുകളും സദാസമയവും സജ്ജമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഭക്ഷണം, താമസം, വൈദ്യസഹായം, നിയമസഹായം എന്നിവ ആവശ്യമായി വരുന്നവർക്കായി 24 മണിക്കൂറും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികൾക്ക് സഹായം ഉറപ്പാക്കാൻ എംബസികൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ, ഇത്രയും വലിയൊരു ആഗോള പ്രതിസന്ധിയുടെ സമയത്തും കോൺഗ്രസ് പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ബോധപൂർവം പ്രകോപനപരമായ പ്രസ്താവനകൾ നടത്തി സ്ഥിതിഗതികൾ വഷളാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രവാസികളുടെ സുരക്ഷയേക്കാൾ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും അത്യന്തം നിർഭാഗ്യകരമായ രീതിയിലാണ് അവർ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.


കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തന്നെ വിമർശിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക എന്നതാണെന്ന് മോദി പറഞ്ഞു. പ്രവാസികൾ പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിച്ച്, അതുവഴി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ 'റീലുകൾ' ഉണ്ടാക്കി പ്രചാരണം നടത്താനാണ് അവർ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മോദിയെ അധിക്ഷേപിക്കാനുള്ള പ്രചാരണ തന്ത്രമാണിതെന്നും മോദി പറഞ്ഞു.


രാജ്യം ഒരു വലിയ ആഗോള പ്രതിസന്ധിയെ നേരിടുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കങ്ങൾ നടത്തുന്നത് ഖേദകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒത്തൊരുമയോടെ നിൽക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ സ്ഥിതി വഷളാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ അദ്ദേഹം ശക്തമായി എതിർത്തു.

Previous Post Next Post