പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് ബദൽ ഉദ്ഘാടനം നടത്തി സിപിഎം, കോഴിക്കോട് റിയാസിൻറെ റോഡ് ഷോ



കോഴിക്കോട്: ദേശീയപാത66ന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദൽ ഉദ്ഘാടനവുമായി സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദൽ ഉദ്ഘാടനം സംഘടിപ്പിച്ചത്.


എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാതയിൽ റോഡ് ഷോയും സംഘടിപ്പിച്ചു. എംഎൽഎമാരും ഇതിൽ പങ്കെടുത്തു.


ദേശീയപാത ഒന്നാം റീച്ച് തലപ്പാടി- ചെങ്കള റീച്ചിന്റെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു. ദേശീയപാതയിൽ കാസർകോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം. കൊച്ചിയിൽ പ്രധാനമന്ത്രി എത്തും മുൻപായിരുന്നു സമാന്തര ഉദ്ഘാടനം.


പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തതിൽ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിൽ നിന്ന് ഒഴിവായി. ചടങ്ങ് രാഷ്ട്രീയ പക്ഷപാതത്തിന്റെ വേദിയാക്കി മാറ്റിയെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചത്.

Previous Post Next Post