പൊലീസ് ഇടപെടൽ; കാമുകനുമായി കേരളത്തിലെത്തിയ മൊണാലിസയ്ക്ക് വിവാഹം



തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ അഭയം തേടി കേരളത്തിലെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് മാംഗല്യം. തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് മൊണാലിസ എത്തിയത്. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനാണ് വരൻ.




മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.


പതിനെട്ട് വയസ് പൂർത്തിയായതിനാൽ യുവതിക്ക് അവർക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീർപ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.


പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകൾ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാൻ ആളുകളുടെ ബഹളവുമായപ്പോൾ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.

Previous Post Next Post