സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം


 

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രവേശനം മുതൽ പരീക്ഷാ ഫലപ്രഖ്യാപനം വരെ ഏകീകൃത അക്കാദമിക കലണ്ടറിന് അംഗീകാരം. ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മെയ് 25നകം ഒന്നാം വർഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക കലണ്ടർ നിർദേശിക്കുന്നത്. സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഒരേ പ്രവർത്തന സമയം വരുമ്പോൾ വിദ്യാർഥികളുടെ അന്തർ സർവകലാശാല മാറ്റമടക്കം സാധ്യമാകും. നിലവിൽ ഓരോ കോളജിന്റെ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഇതിന് പരിഹാരമാകുന്നതോടെ കോളജ് മാറ്റം, സർവകലാശാല മാറ്റം എളുപ്പത്തിലാകുമെന്നാണ് നാലുവർഷ ബിരുദ പ്രോഗ്രാം സംസ്ഥാന നിരീക്ഷണ സമിതിയുടെ വിലയിരുത്തൽ.


നാലുവർഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളും മൂല്യനിർണയവും ക്യാംപസിൽ തന്നെയാണ് നടക്കുക. നവംബർ 16 മുതൽ ഒരാഴ്ചത്തെ മൂല്യനിർണയ ക്യാംപ് അതത് ക്യാംപസിൽ നടക്കും. ഈ സമയത്ത് വിദ്യാർഥികൾക്ക് സെമസ്റ്റർ ബ്രേക്ക് ഉണ്ടാകും. ഇത് പ്രഖ്യാപനം വേഗത്തിലാക്കാൻ സാധിക്കും. നാലാം സെമസ്റ്ററിന്റെ അവസാനത്തിലാണ് (ഏപ്രിൽ, മെയ്) ഇന്റേൺഷിപ്പ് നിർദേശിച്ചത്.


ക്രിസ്മസ് അവധിക്കു മുമ്പ് കായികമേളയും ജനുവരിയിൽ യുവജനോത്സവവും ഫെബ്രുവരിയിൽ അന്തർ സർവകലാശാല കലാ കായിക മേളയും പൂർത്തിയാക്കണമെന്നാണ് നിർദേശം. ഓണം, ക്രിസ്മസ് അവധികളും അക്കാദമിക കലണ്ടറിന്റെ ഭാഗമാണ്. അടുത്ത അക്കാദമിക് വർഷം മുതൽ കോളജുകളിൽ നാലുവർഷ ബിരുദ പാറ്റേൺ മാത്രമാണുണ്ടാവുക. മൂന്നുവർഷ ബിരുദ പാറ്റേണിന്റെ അവസാന ബാച്ചാണ് ക്യാംപസുകളിലുള്ള മൂന്നാം വർഷ വിദ്യാർഥികൾ. നിലവിൽ മൂന്നുവർഷം കണക്കാക്കിയാണ് അക്കാദമിക് കലണ്ടർ ക്രമീകരിച്ചത്. സർവകലാശാലകളിലേക്ക് അയച്ച കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. കേരളത്തിന്റെ അക്കാദമിക് കലണ്ടറിനെ മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. അക്കാദമിക് കലണ്ടർ തയ്യാറാക്കൽ മുതൽ പ്രായോഗികതലം വരെയുള്ള വിവരങ്ങളാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പഠനവിധേയമാക്കിയത്.

Previous Post Next Post