കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. നിലവിലെ സീറ്റായ മട്ടന്നൂർ വീണ്ടും നൽകാനാവില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. തുടർന്നാണ് ശൈലജ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത പാർട്ടിയെ അറിയിച്ചത്.
പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് നിലവിൽ ജനപ്രതിനിധി. വരുന്ന തെരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കുമെന്നാണ് സൂചനകൾ. 2006 ൽ ശൈലജ പേരാവൂരിൽ നിന്നും വിജയിച്ചിട്ടുണ്ട്. ശൈലജ മാറുന്നതോടെ, സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാർത്ഥിയാകും.
തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂർ നഗരസഭ മുൻ ചെയർപേഴ്‌സണായിരുന്നു. സ്പീക്കർ ഷംസീർ വിജയിച്ച തലശ്ശേരിയിൽ കാരായി രാജൻ മത്സരിക്കും. പയ്യന്നൂരിൽ ടി ഐ മധുസൂദനൻ ജനവിധി തേടും.
