തിരുവനന്തപുരം: നിലവിലെ രണ്ട് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണോ എന്നതിൽ കോൺഗ്രസിൽ അവ്യക്തത തുടരുന്നു. എംഎൽഎമാരായ ഐ സി ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), എൽദോസ് കുന്നപ്പള്ളി ( പെരുമ്പാവൂർ) എന്നിവരുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. ശേഷിക്കുന്ന സിറ്റിങ്ങ് എംഎൽഎമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാനാണ് ധാരണ. ഇവർക്ക് പുറമേ 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും കോൺഗ്രസിൽ ധാരണയായിട്ടുണ്ട്.
നിലവിലെ എംഎൽഎമാരിൽ കെ ബാബു ( തൃപ്പൂണിത്തുറ) വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലൈംഗിക വിവാദത്തെത്തുടർന്ന് പാലക്കാട്ടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികൾ വരും. സുൽത്താൻ ബത്തേരിയിലോ മാനന്തവാടിയിലോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. ഐ സി ബാലകൃഷ്ണൻ മത്സരിച്ചാൽ ഉഷാ വിജയൻ മാനന്തവാടിയിൽ സ്ഥാനാർഥിയാകും.
കണ്ണൂരിൽ അമൃതാ രാമകൃഷ്ണൻ ആണ് പ്രധാന പരിഗണനയിലുള്ളത്. ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, മറിയം ഉമ്മൻചാണ്ടി എന്നീ പേരുകൾ പരിഗണിക്കുന്നു. തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥിയായാൽ, കരുണാകരന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ടി വി ചന്ദ്രമോഹൻ കോൺഗ്രസ് സ്ഥാനാർഥിയാകും. പത്മജ മത്സരിക്കുന്നില്ലെങ്കിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ധാരണയായ പേരുകൾ ഇവയാണ്
കെ മുരളീധരൻ (വട്ടിയൂർക്കാവ്), അയിഷ പോറ്റി (കൊട്ടാരക്കര), ബിന്ദു കൃഷ്ണ (കൊല്ലം), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), രമ്യാ ഹരിദാസ് (അടൂർ), ഷാനിമോൾ ഉസ്മാൻ (അരൂർ), വി പി സജീന്ദ്രൻ (കുന്നത്തുനാട്), ടി എൻ പ്രതാപൻ (മണലൂർ), ഒ ജെ ജനീഷ് (കൊടുങ്ങല്ലൂർ), രമേഷ് പിഷാരടി (പാലക്കാട്), തുളസി (കോങ്ങാട്), വി ടി ബൽറാം (തൃത്താല), സുമേഷ് അച്യുതൻ (ചിറ്റൂർ), കെ പ്രവീൺകുമാർ (കൊയിലാണ്ടി), കെ ജയന്ത് (കോഴിക്കോട് നോർത്ത്) കെ എം അഭിജിത് (നാദാപുരം), വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ), ഷാജി കോടങ്കണ്ടത്ത് (ഒല്ലൂർ), കെ നീലകണ്ഠൻ (ഉദുമ).
