പാലക്കാട് : ചലച്ചിത്ര- ടെലിവിഷൻ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായേക്കും. പാലക്കാട് മത്സരിക്കാൻ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടർന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയിൽ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം.
നേരത്തെ മുതിർന്ന നേതാവ് കെ മുരളീധരൻ അടക്കമുള്ളവരുടെ പേരുകൾ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ രമേഷിന്റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷൻ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
രമേഷ് പിഷാരടി മത്സരിച്ചാൽ വിജയസാധ്യത ഏറുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. പാലക്കാട്ടെ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലം നിലനിർത്താനായി യുഡിഎഫ് കരുത്തനായ ഒരു സ്ഥാനാർഥിയെ തേടുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് ഉയർന്നുകേട്ടിരുന്നു.
