ലീഗ് 27 സീറ്റിൽ, വെച്ചുമാറ്റം തിരുവമ്പാടിയിൽ മാത്രം, യുഡിഎഫിൽ പ്രാഥമിക ധാരണ


  

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കും. ഇതുസംബന്ധിച്ച് യുഡിഎഫിൽ പ്രാഥമിക ധാരണയായി. ചില സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ മാത്രമാണ് ധാരണയായത്. പകരം ലീഗിന് ഏത് സീറ്റ് നൽകുമെന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടില്ല.




2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമാണ് മുസ്ലിം ലീഗ് മത്സരിച്ചിരുന്നത്. ലീഗിന് 27 സീറ്റുകൾ തന്നെ നൽകാനാണ് ധാരണയായിട്ടുള്ളത്. തിരുവമ്പാടിയിൽ ലീഗിനു പകരം കോൺഗ്രസ് മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ. വി എസ് ജോയി അടക്കമുള്ളവരെ തിരുവമ്പാടിയിൽ കോൺഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.


മന്ത്രി റോഷി അഗസ്റ്റിൻ വിജയിച്ചു വരുന്ന ഇടുക്കി സീറ്റിലും കോൺഗ്രസ് കണ്ണുവെച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റേതാണ് നിലവിൽ ഈ സീറ്റ്. ഇവിടെ കേരള കോൺഗ്രസ് മത്സരിച്ചാൽ ജയസാധ്യത കുറവാണ്. പകരം കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ റോഷിയെ തറപറ്റിച്ച് മണ്ഡലം തിരിച്ചു പിടിക്കാമെന്ന് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. എന്നാൽ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്.


അതേസമയം ഇടതുമുന്നണിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഫോർമുല തന്നെ ഇത്തവണയും പിന്തുടരാനാണ് ഏകദേശ ധാരണ. പാർട്ടികളുമായുള്ള ചർച്ച തുടരുകയാണ്. 13 സീറ്റുകളും വേണമെന്നാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ അധിക സീറ്റ് മോഹിക്കേണ്ടതില്ലെന്ന് സിപിഎം കേരള കോൺഗ്രസിനെ അറിയിച്ചതായാണ് സൂചന. കഴിഞ്ഞ തവണ വിട്ടു നൽകിയ കുറ്റ്യാടി സീറ്റിന് പകരം സീറ്റു ലഭിക്കുമോയെന്നതിൽ വ്യക്തതയായിട്ടില്ല.


കഴിഞ്ഞ തവണ വിട്ടു നൽകിയ കുറ്റ്യാടി സീറ്റിനായി ഇത്തവണ കേരള കോൺഗ്രസ് ( എം) ബലംപിടിക്കില്ല. പകരം പേരാമ്പ്ര, ഏലത്തൂർ, കുട്ടനാട്, തിരുവനന്തപുരം സീറ്റുകളിൽ ഒന്ന് ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. ഇക്കാര്യം സൂചിപ്പിച്ച് ജോസ് എൽഡിഎഫിന് കത്തു നൽകി. കുറ്റ്യാടി സീറ്റുകൾ വിട്ടു നൽകിയതോടെ, കഴിഞ്ഞ തവണ 12 സീറ്റിലാണ് കേരള കോൺഗ്രസ് ( എം) മത്സരിച്ചിരുന്നത്. ഇത്തവണ നേരത്തെ നൽകിയ 13 സീറ്റുകളും വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുള്ളത്.


കേരള കോൺഗ്രസ് സഖ്യകക്ഷിയായ ആർജെഡിക്ക് മൂന്നു സീറ്റുകൾ നൽകാൻ ധാരണയായിട്ടുണ്ട്. മുമ്പ് മത്സരിച്ചിരുന്ന കോവളം സീറ്റ് കൂടി വേണമെന്ന ആർജെഡിയുടെ ആവശ്യം തള്ളി. കൽപ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകൾ ആർജെഡിക്ക് നൽകാനാണ് തീരുമാനം. മുമ്പ് നീലലോഹിതദാസൻ നാടാർ കോവളത്ത് മത്സരിച്ചിരുന്നു. നീലലോഹിത ദാസൻ നാടാർ ഇപ്പോൾ ആർജെഡിയിലാണ്. അതിനാലാണ് കോവളം സീറ്റു കൂടി ആർജെഡി ആവശ്യപ്പെട്ടത്.

Previous Post Next Post