'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്



പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിൽ മുൻനിലപാടിൽ മലക്കം മറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം. ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ എതിർക്കാൻ ബോർഡ് യോഗം പ്രമേയം പാസ്സാക്കി. ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നതിൽ ബോർഡിൽ ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.


ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. 2019 ലെ സത്യവാങ്മൂലം തിരുത്തും. ക്ഷേത്രാചാരങ്ങൾ കാത്തു സൂക്ഷിക്കണമെന്നതു തന്നെയാണ് ബോർഡിന്റെ നിലപാട്. നേരത്തെയും ബോർഡിന്റെ തീരുമാനം ഇതായിരുന്നു. വ്യക്തികൾ എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. കോടതി വിധിയിൽ പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ പരിധിയിൽ വരുന്നില്ല. പരിശോധിക്കുമ്പോൾ ബോർഡിന്റെ നിലപാടാണ് വ്യക്തമാക്കുക. കോടതി വിധി പുരോഗമനപരമെന്ന് സർക്കാർ പറഞ്ഞുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ബോർഡ് അതിൽ കമന്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ എന്നായിരുന്നു ജയകുമാറിന്റെ മറുചോദ്യം. സർക്കാരിന്റെ നിലപാട് സർക്കാരിനോട് ചോദിക്കണമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.


ശബരിമല തീർത്ഥാടനത്തിന്റെ ഗുണപരമായ പരിണാമം ഈ വർഷം മുൽ നടപ്പാക്കണമെന്നാണ് ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ശബരിമല തീർത്ഥാടനത്തിനായി പ്രത്യേക ബജറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതായി കെ ജയകുമാർ പറഞ്ഞു. ചെലവിന്റെ മേലുള്ള നിയന്ത്രണം, അനാവശ്യ ചെലവുകൾ ഒഴിവാക്കൽ, വരുമാന ചോർച്ച കണ്ടുപിടിക്കൽ, ചോർച്ച ഒഴിവാക്കൽ തുടങ്ങിയവ ബജറ്റ് കൊണ്ടുള്ള പ്രയോജനങ്ങൾ. കൂടെക്കൂടെ അഡ്വാൻസ് കൊടുക്കുന്ന രീതി മാറും. കൂടാതെ, ഉത്‌സവം കഴിഞ്ഞാലുടനെ കണക്കുകൾ ഓഡിറ്റ് ചെയ്ത് ലഭിക്കുകയും ചെയ്യുമെന്ന് കെ ജയകുമാർ പറഞ്ഞു.



ശബരിമലയിൽ കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുന്ന വിധത്തിൽ മോഡേൺ ടെണ്ടറിങ്ങ് സിസ്റ്റം നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ ശുചീകരണം പോരായെന്ന് സ്ഥിരം പരാതിയാണ്. ഇപ്പോൾ കിട്ടുന്ന മാലിന്യങ്ങളെല്ലാം ഇൻസിനറേറ്ററിൽ കൊണ്ടിടുന്ന രീതിയാണ്. എന്നാൽ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ വേർതിരിച്ച് സംസ്‌കരിക്കുന്നതിനായി ഡീറ്റെയിൽഡ് പ്രോട്ടോക്കോൾ കൊണ്ടു വരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷൻ, വിദഗ്ധർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്ന് കെ ജയകുമാർ പറഞ്ഞു.

Previous Post Next Post