'ചെറ്റ എന്ന് വിളിച്ചിട്ടില്ല, 'ചെറ്റത്തരം' എന്നുമുതലാണ് ഇത്രമാത്രം അശ്ലീലമായി മാറിയത്?; സിപിഎം- ബിജെപി ഡീൽ ആരോപണം വിചിത്രം'



കട്ടപ്പന: അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനെ താൻ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ജി സുധാകരനെ ചെറ്റ എന്ന് ഞാൻ വിളിച്ചിട്ടില്ല. ഞാൻ അങ്ങനെ വിളിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. അദ്ദേഹം കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ്. ചെറ്റത്തരം എന്ന വാക്ക് ഇത്രമാത്രം അശ്ലീലമായി മാറിയത് എന്നുമുതൽ ആണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവർ അല്ല ഞങ്ങൾ. ഞങ്ങൾ എല്ലാം ചെറ്റകൾ ആണ് എന്നാണോ അതിന്റെ അർത്ഥം. ഞങ്ങളെ പറ്റി പറയുമ്പോൾ ഞാൻ പറയുന്ന വാചകമാണിത്. ദശാബ്ദങ്ങളായി ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്ന വാചകമാണ്. സാധാരണ പറയുന്നതല്ലേ. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അതിന്റെ അർത്ഥം അയാളെ ചെറ്റ എന്ന് വിളിച്ചു എന്നാണോ? അയാളുടെ പേര് മാറ്റി വിളിച്ചു എന്നാണോ? അയാളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലയുണ്ടായോ? നിലപാടുകളുടെ വഞ്ചനയല്ലേ കാണിച്ചത്. വഞ്ചകൻ, വർഗ വഞ്ചകൻ എന്ന് പറയുമ്പോൾ എന്താണ് അതിന്റെ അർഥം. നിലപാടുകളുടെ ഭാഗമായി പറയുന്നതല്ലേ.'- തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കട്ടപ്പനയിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.




ചോദ്യം ചോദിക്കാൻ പത്രസമ്മേളനമല്ലല്ലോ?


തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞ തനിക്ക് സമനില തെറ്റിയെന്ന് പരിഹസിച്ച കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സമനില തെറ്റുന്നത് ആർക്കാണ് എന്ന് നല്ലോണം കണ്ടുകൊണ്ടിരിക്കുകയാണ്. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായിട്ട് വരും. ചോദ്യം ചോദിക്കാൻ ഇത് പത്രസമ്മേളനമല്ലല്ലോ? പൊതുയോഗമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.


'അവിടെ ആരും എന്നെ എതിർക്കാൻ വേണ്ടി വന്നതല്ല. എൽഡിഎഫിനെ എതിർക്കാൻ വേണ്ടി വന്നതല്ല. ചില ഘട്ടത്തിൽ ചില പ്രത്യേക ആവേശക്കാർ ഉണ്ടാവുമല്ലോ. ആവേശത്തിന്റെ ഭാഗമായി ചോദിച്ചതാണ്. ചോദ്യം ചോദിക്കാൻ ഇത് പത്രസമ്മേളനമല്ലല്ലോ? പൊതുയോഗമല്ലേ. പൊതുയോഗത്തിന്റെ മുന്നിൽ നിന്ന് നിങ്ങൾ ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാൽ മറുപടി അങ്ങനെ തന്നെയായിരിക്കും. ഇത് സ്വാഭാവികമാണ്. പൊതുയോഗത്തിന് അതിന്റെതായ മര്യാദയുണ്ട്. പൊതുയോഗത്തിൽ പ്രസംഗിക്കുന്നവർ പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തവർ അത് കേൾക്കേണ്ട. അതല്ലേ രീതി.'- മുഖ്യമന്ത്രി പറഞ്ഞു.


സിപിഎം- ബിജെപി ഡീൽ ആരോപണം വിചിത്രം


പാലക്കാട് സിപിഎം- ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വിചിത്രമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ധർമ്മടം മണ്ഡലത്തെ കുറിച്ച് പറയുമോ എന്ന് എനിക്ക് അറിയില്ല. മുസ്ലീം നാമധാരിയാണ് എൽഡിഎഫ് സ്ഥാനാർഥിയായി വന്നിട്ടുള്ളത്. അതുകൊണ്ടാണോ ഡീൽ എന്ന് പറയുന്നത്. അവിടെ 1996ൽ ജയിച്ചത് നൗഷാദ് ആണ്. അതും മുസ്ലീം നാമധാരിയാണ്. എങ്ങനെയാണ് ഇത് ബിജെപിയുമായുള്ള ഡീൽ ആകുന്നത്? എന്ത് അസംബന്ധവും എഴുന്നള്ളിക്കാൻ ഒരു പ്രയാസവുമില്ല. ഇങ്ങനെ എഴുന്നള്ളിക്കുന്നത് എന്തിനാണ്. ഇതിന്റെ ഭാഗമായി നല്ലപോലെ കച്ചവടം നടക്കാൻ വേണ്ടിയാണ്. ആരാണ് കച്ചവടം നടത്തിയത് നേരത്തെ. എകെജി മത്സരിച്ചപ്പോൾ കോൺഗ്രസിനും ആർഎസ്എസിനും എല്ലാം ഒരു സ്ഥാനാർഥിയായിരുന്നില്ലേ? പച്ചയായി ആർഎസ്എസുമായി പണ്ടേ കൂട്ടുകൂടുന്നവരാണ് കോൺഗ്രസ്. നാണവും ഉളുപ്പും ഇല്ലാതെ ചെയ്തവരാണ് അവർ. കോലീബി ഓർമ്മയില്ലേ? പട്ടാമ്പിയിൽ ഇഎംഎസ് മത്സരിക്കുമ്പോൾ ആർഎസ്എസ് പ്രമുഖൻ പറന്ന് ഇറങ്ങിയില്ലേ. ഇഎംഎസിനെ പരാജയപ്പെടുത്താൻ പ്രചാരണം നടത്തി. ജയിപ്പിക്കേണ്ടത് ആർഎസ്എസ് നേതാവിനെ അല്ല. കോൺഗ്രസ് നേതാവിനെയായിരുന്നു'- പിണറായി വിജയൻ പറഞ്ഞു.

Previous Post Next Post