കൊടുങ്ങല്ലൂരില്‍ ഫ്‌ലാറ്റിനുള്ളിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..
തിങ്കളാഴ്ച കൊടുങ്ങല്ലൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. ചാത്തേടത്തുപറമ്പില്‍ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ഇരുപതാം തീയതി വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ മാസം തികയാതെ പ്രസവിക്കുകയായിരുന്നു. ഫ്ലാറ്റിലെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞ് പുറത്ത് വന്നത്. നഴ്സിങ് പഠിച്ചിട്ടുള്ളതിനാല്‍ സ്വയം ഭ്രൂണം വേർപ്പെടുത്തി. കളയാനുള്ള ബുദ്ധിമുട്ട് കാരണം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നുമാണ് അപർണയുടെ മൊഴി.
സംഭവത്തില്‍ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അധികൃതർ അറിയിച്ചു.