സ്വര്‍ണവില ഒരുലക്ഷത്തില്‍ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്.


സംസ്ഥാനത്തെ സ്വർണ്ണവിപണിയില്‍ വൻ തകർച്ച. മാസങ്ങളായി തുടരുന്ന വിലകയറ്റത്തിന് അന്ത്യം കുറിച്ചുകൊണ്ട് സ്വർണ്ണവില ഒരു ലക്ഷത്തില്‍ താഴെ എത്തി.

ഇന്ന് ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്റെ വില 99480 രൂപ എന്ന നിലയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ടുകള്‍.ഇന്ന് രാവിലെ മുതല്‍ മാത്രം ഒരു ഗ്രാമിന് 940 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ സ്വർണ്ണത്തിന്റെ വിലനിലവാരം അനുസരിച്ച്‌ ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇന്നലത്തെ വിലയേക്കാള്‍ 7560 രൂപ നല്‍കിയാല്‍ മതിയാവും.

ഒരു ഗ്രാം സ്വർണത്തിന് 12435 രൂപയാണ് ഇന്നത്തെ വില. 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിലയാണ് ഇത്.കഴിഞ്ഞ ജനുവരി നാലിന് ശേഷമാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത് എന്ന് സവിശേഷതയും ഉണ്ട്. മാർച്ച്‌ ഒന്നാം തീയതി ഒരു പവൻ സ്വർണത്തിന് 126920 രൂപ എന്ന റെക്കോർഡ് വിലയില്‍ എത്തിയിരുന്നു. അവിടെ നിന്നാണ് വെറും മൂന്ന് ആഴ്ച കൊണ്ട് 27000 രൂപയോളം കുറഞ്ഞ 99,000 രൂപയോട് അടുത്തത്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചൻസ് അസോസിയേഷന്റെ കണക്കുപ്രകാരം ജനുവരി മാസത്തെ വിലനിലവാരത്തിലേക്ക് ആണ് സ്വർണം ഇപ്പോള്‍ അടുക്കുന്നത്.

ഇപ്പോള്‍ വില കുറയാനുള്ള പ്രധാന കാരണം ലാഭമെടുപ്പാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ വാങ്ങിയ സ്വർണം വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകർ തുനിഞ്ഞത് വില താഴാൻ കാരണമായി. മറ്റൊരു പ്രധാന കാരണം ആഗോളതലത്തില്‍ പലിശ നിരക്ക് പ്രതീക്ഷകളിലെ മാറ്റമാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ തുടരുന്നതിനാല്‍, പണപ്പെരുപ്പ ആശങ്കകള്‍ വർദ്ധിച്ചിട്ടുണ്ട്. ഇത് പലിശ നിരക്ക് കുറയ്‌ക്കാനുള്ള സാധ്യത കുറയ്‌ക്കുകയും പകരം നിരക്ക് വർദ്ധനവിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു. പലിശ നിരക്ക് കൂടുമ്ബോള്‍ ബോണ്ടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ലഭിക്കുന്ന പ്രാധാന്യം സ്വർണ്ണത്തിന് ലഭിക്കില്ല.

Previous Post Next Post