പിണറായി ക്യാബിനറ്റിലും സിപിഎം പാര്‍ട്ടിയിലും മുഴു സംഘികള്‍, അതുകൊണ്ടാണ് പിഷാരടിയെ അരസംഘി ആക്കാൻ നോക്കുന്നതെന്ന് ഷാഫി പറമ്പില്‍

പിണറായി ക്യാബിനറ്റിലും സിപിഎം പാർട്ടിയിലും മുഴു സംഘികളാണ് ഉള്ളതെന്നും അതുകൊണ്ടാണ് പിഷാരടിയെ അരസംഘി ആക്കാൻ നോക്കുന്നതെന്നും ഷാഫി പറമ്പില്‍.

പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പേര് നോക്കി ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞവർ പിണറായിയുടെ കൂടെയുണ്ട്. പിഷാരടിയെ പാലക്കാട്ടെ ജനങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. പിഷാരടി ഭീഷണി ആണെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതാണ് പിഷാരടിയെ കോമാളി ആക്കാൻ ശ്രമിക്കുന്നത്. പരാജയ ഭീതികൊണ്ടാണ് ഇത്തരം വ്യക്തിഹത്യകള്‍ നടത്തുന്നതെന്നും ഷാഫി പറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കും. അതേസമയം സിപിഎം- ബിജെപി ഡീല്‍ ഇടത് പ്രവർത്തകർ പൊളിക്കും. സിപിഎം വിട്ട് യുഡിഎഫില്‍ എത്തുന്നവരെയാണ് പിണറായി ആക്ഷേപിക്കുന്നത്. എന്നാല്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നവരെ ആക്ഷേപിക്കുന്നില്ല. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരും. വടകര മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കും. അതേസമയം യുഡിഎഫിന് പാലക്കാടുമായി ഒരു ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Previous Post Next Post