തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആയി.
നടൻ വിവേക് ഗോപൻ അരുവിക്കരയിൽ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ, അടൂർ പന്തളം പ്രതാപൻ, ചവറ കെ ആർ രാജേഷ്, ചടയമംഗലം ആർഎസ് അരുൺ രാജ്, ചിറയൻകീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടി എൻ സുരേഷ്, നെയ്യാറ്റിൻകര രാജശേഖരൻ നായർ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവർ കോൺഗ്രസ് വിട്ടാണ് ബിജെപിയിൽ എത്തിയത്. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവർ ബിജെപിയിൽ ചേർന്നത്. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു ആർ എസ് അരുൺ രാജ്.
ഇരുവർക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു അരുൺ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോൺഗ്രസ് വിട്ടത്. പ്രാദേശിക എതിർപ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.
ആർജെഡി വിട്ട് ഐഎസ്‌ജെഡിയിൽ ചേർന്ന ടി എൻ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാർഥിയാകാൻ വേണ്ടിയായിരുന്നു സുരേഷ് ആർ ജെ ഡി വിട്ടത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൽഡിഎഫ് വിട്ട ആർജെഡിയുടെ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്.
