ഏറ്റുമാനൂരിൽ ഏറ്റുമുട്ടാൻ വാസവനും നാട്ടകം സുരേഷും; പോരാട്ടം ശക്തം



കോട്ടയം ലോക്‌സഭാ മണ്ഡലത്തിൻറെ ഭാഗമായ ഏറ്റുമാനൂർ ദീർഘകാലമായി ഇടതുപക്ഷത്തിൻറെ ശക്തികേന്ദ്രമാണ്. ഒരു വിഐപി മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. മന്ത്രിയും ഏറ്റുമാനൂരിലെ എംഎൽഎയും സിപിഎമ്മിൻറെ മുതിർന്ന നേതാവുമായ വി. എൻ വാസവൻ തന്നെയാണ് ഇക്കുറിയും ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ഏറെ നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാകും ഏറ്റുമാനൂരിൽ നടക്കുക എന്നാണ് വിലയിരുത്തൽ. അതേസമയം എൻഡിഎ സ്ഥാനാർഥി നർത്തകിയും ഗായികയും യുട്യൂബ് ഇൻഫ്ളുവൻസറുമായ ആതിര ഡി നായരാണ്.


ഏറ്റുമാനൂരിൻറെ രാഷ്ട്രീയ സ്വഭാവം


ഏറ്റുമാനൂരിൻറെ രാഷ്ട്രീയം എന്നത് വ്യക്തിപ്രഭാവങ്ങൾക്കപ്പുറം അടിസ്ഥാന വികസനം, നിരന്തരമായ സാന്നിധ്യം എന്നിവയിൽ ആശ്രയിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, പൊതുഗതാഗതം, മികച്ച ആരോഗ്യ സേവനങ്ങൾ എന്നിവ പ്രധാനപ്പെട്ട രാഷ്ട്രീയ ചർച്ചാവിഷയങ്ങളാണ്. ഭവന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഇവിടത്തെ വോട്ടർമാരുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ പ്രധാന പങ്കുവഹിക്കുന്നു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും സമുദായ ശൃംഖലകളും തമ്മിലുള്ള ഏകോപനവും വോട്ട് കിട്ടാൻ അത്യന്താപേക്ഷിതമാണ്.


2021-ലെ തെരഞ്ഞെടുപ്പ് ഫലം


2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. എൻ വാസവൻ 58,289 വോട്ടുകൾ നേടി വിജയിച്ചു. കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന് 43,986 വോട്ടുകളാണ് ലഭിച്ചത്. 14,303 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വി.എൻ. വാസവൻ എംഎൽഎ ആയത്. ബിജെപി സ്ഥാനാർത്ഥി ടി.എൻ. ഹരികുമാർ 13,746 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.


വി. എൻ. വാസവൻ v/s നാട്ടകം സുരേഷ്


ഏറ്റുമാനൂർ ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് അങ്കമായിരിക്കും. ഡിസിസി പ്രസിഡൻറും യുഡിഎഫ്‌ സ്ഥാനാർഥിയുമായ നാട്ടകം സുരേഷ് വി. എൻ. വാസവനൊത്ത കരുത്തുറ്റ എതിരാളി തന്നെയാണ് എന്നാണ് ജനസംസാരം. ഏറ്റുമാനൂരിൽ പുതിയ ഒരു വികസന പ്രവർത്തനവും നടത്താതെ പഴയത് ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണ് എന്നാണ് നാട്ടകം സുരേഷിൻറെ വാദം. അടിസ്ഥാന ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായില്ല, രണ്ട് മഴപെയ്താൽ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാകും, നെല്ല് സംഭരണ പ്രശ്നം കീറാമുട്ടിയായി തുടരുന്നു, മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ തുടങ്ങിയവ എണ്ണി പറഞ്ഞാണ് നാട്ടകം സുരേഷിൻറെ പ്രചരണം.

Previous Post Next Post