നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു.
പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക. വൈകിട്ട് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
അതേസമയം, മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് നടക്കുന്ന വാർത്താസമ്മേളനത്തിനുശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലുമാണ് റാലികള്‍ ഉദ്ഘാടനം ചെയ്യുക. ജില്ലയില്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. അതേസമയം, എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കൻ പറവൂരിലാണ് പ്രചാരണം നടത്തുന്നത്.
രാഹുല്‍ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയില്‍ എത്തുന്നുണ്ട്. അവസാന ലാപ്പിലും ഡീല്‍ വീവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശം; ട്രയല്‍ റണ്‍ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ട്രയല്‍ റണ്‍ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂര്‍ നഗരത്തില്‍ പൂർത്തിയായി. വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 4.15ഓടെ സ്വരാജ് റൗണ്ടില്‍ റോഡ് ഷോ ആരംഭിക്കും. തൃശ്ശൂർ ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ ബിനി ഹെറിറ്റേജ് വരെയാണ് റോഡ് ഷോ. അമ്പതിനായിരത്തില്‍ അധികം പ്രവർത്തകർ റോഡ് ഷോയുടെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പത്മജാ വേണുഗോപാല്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമായി പങ്കെടുക്കും. റോഡ് ഷോയ്ക്ക് മുന്നോടിയായി 12 മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.