തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ സംവാദത്തിന് ക്ഷണിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തിൽ സർക്കാർ എന്തുചെയ്തുവെന്ന് ചോദിച്ചാണ് രാജേഷിന്റെ വെല്ലുവിളി. നേരത്തെ രാജീവ് ചന്ദ്രശേഖറിനെ നേമത്തെ വികസനം ചർച്ച ചെയ്യാൻ വി ശിവൻകുട്ടി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടിയെ വിവി രാജേഷ് സംവാദത്തിന് വെല്ലുവിളിച്ചത്.
ശിവൻകുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്. മൽപ്പിടുത്തം അദ്ദേഹത്തിന് നല്ലവശമാണ്. രാഷ്ട്രീയത്തിൽ ആശയസംവാദമാണ് ആവശ്യം. സർക്കാർ ചെലവിൽ മന്ത്രിസ്ഥാനം കയ്യാളിയിട്ട് എന്താണ് തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ വേണ്ടി ചെയ്തതെന്നും രാജേഷ് ചോദിച്ചു. വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പൊതുപ്രവർത്തനം നടത്തി പതിറ്റാണ്ടുകളോളം ഒന്നല്ലെങ്കിൽ മറ്റൊരു സ്ഥാനം കയ്യാളിയ നേതാക്കന്മാർ തിരുവനന്തപുരത്ത് ഉണ്ട്. വി ശിവൻകുട്ടി, കടകംപള്ളി, വികെ പ്രശാന്ത് എന്നിവർ ഇവരുടെ പ്രവർത്തനത്തിന്റെ ഫലമായി എന്തുകാര്യമാണ് ചെയ്തത് എന്ന കാര്യത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാകണം. ഇക്കാര്യത്തിൽ സംവാദത്തിന് ബിജെപി തയ്യാറാണെന്നും വിവി രാജേഷ് പറഞ്ഞു.
അരുവിക്കരയിൽ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ 35 ശതമാനം ലീക്കായി പോകുകയാണ്. ഇത് പരിഹരിക്കാൻ ഒരു ചെറുവിരൽ അനക്കിയിട്ടുണ്ടോ. നേമം സ്ഥാനാർഥിയും വട്ടിയൂർക്കാവ് സ്ഥാനാർഥിയും മുൻപ് മേയർമാർ ആയിരുന്നല്ലോ?. മാലിന്യ പ്രശ്‌നം ശാശ്വത പരിഹരിക്കാൻ എന്തെങ്കിലും ചെയ്‌തോ?. തെരുവുനായ്ക്കളെ വന്ധ്യംകരിച്ചത് ശിവൻകുട്ടി മേയർ ആയിരുന്നപ്പോഴാണ്. അന്ന് 1500 നായ്ക്കളെ ഉണ്ടായിരുന്നു. വന്ധ്യംകരിച്ച് കരിച്ച് അതിന്റെ എണ്ണം പതിനായിരമായെന്നും വിവി രാജേഷ് പരിഹസിച്ചു.
