പത്തനംതിട്ട: അബിൻ വർക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകൾ എന്ന ലേബലിലാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ആറന്മുളയിൽ അബിൻ വർക്കി സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങൾക്ക് തിരിച്ചടിയാണ് മണ്ഡലത്തിൽ അബിനെതിരെയുള്ള പോസ്റ്ററുകൾ. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
അബിൻ വർക്കിയെ പത്തനംതിട്ടയ്ക്ക് വേണ്ട എന്ന തലക്കെട്ടോടെ പോസ്റ്റററുകൾ. കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയ വികാരം പരിഗണിക്കണം. പത്തനംതിട്ടയിൽ ഇവിടുത്തെ കോൺഗ്രസുകാർ വേണം. ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങൾ സാധാരണക്കാരുടെ ആത്മഭിമാനം പണയംവെച്ച് കൊടുക്കരുതെന്നും പോസ്റ്ററിലുണ്ട്.
സമീപ ദിവസങ്ങളിലായി അബിൻ വർക്കി ആറന്മുളയിൽ സജീവമായിരുന്നു. സ്ഥാനാർഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തിൽ നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കൾ ഇന്നലെ കെ.സി. വേണുഗോപലിനെ കണ്ടു.
