കൊച്ചി: അങ്കമാലിയിൽ ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്.
ജാസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് നീക്കം.
ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
അങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ രണ്ടാംവർഷ ബികോ വിദ്യാർത്ഥിനി ജാസ്ലിയ ജോൺസണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാർട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
