തിരുവനന്തപുരം: സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ഇടഞ്ഞ കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എം.പി മാർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്.
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനൽകാൻ മാത്രം മുതിർന്ന നേതാവല്ല താൻ. ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്ഥാനാർഥികളെ തീരുമാനിക്കുന്നതും പാർട്ടിയാണ്. ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ട. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കുക ഹൈക്കമാൻഡായിരുക്കും. ഞാനല്ല ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഇന്നലെ സുധാകരൻ എന്നോട് പറഞ്ഞത്. ഇന്ന് മാറ്റിപ്പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു.
അതേസമയം കെ സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്റെ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പറവൂർ, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. എന്നാൽ സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്ളക്സുകളും സിപിഎമ്മുകാർ കൊണ്ടുവെക്കുന്നതായിരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി സതീശൻ പറഞ്ഞു. പറവൂരിലാണോ സുധാകരൻ സീറ്റ് ചോദിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഞാൻ മാറിക്കൊടുക്കാം -അദ്ദേഹം പറഞ്ഞു.
