തിരുവനന്തപുരം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കർശന നടപടി ഉടൻ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുൽ.
ജാമ്യത്തിലിറങ്ങിയ അതുൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ക്രൂരമായാണ് അതുലിനെ കൊലപ്പെടുത്തിയത്. തലയോട്ടി വെട്ടി പിളർത്തി. ശരീരത്തിൽ ആഴത്തിലുള്ള ഏഴ് വെട്ട്. ഇടത്തെ കാലിൽ നാല് വെട്ട് ഏറ്റു. വലത്തേ കാലിൽ ഒരു വെട്ട്. വലത്തേ കയ്യിൽ ഒരു വെട്ടും ഏറ്റു. അതുലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് വിഷ്ണു നേതൃത്വം നൽകുന്ന കടത്തൂർ ഗുണ്ടാ സംഘമാണ് എന്നാണ് സൂചന. കുക്കു എന്ന് വിളിക്കുന്ന മനുവാണ് അലുവ അതുലിനു ഒപ്പം ഉണ്ടായിരുന്നത്. മനുവിനു കാര്യമായി പരുക്കില്ല. മനുവിനെ മർദിച്ച് സ്ഥലത്തു നിന്ന് ഓടിക്കുകയായിരുന്നു.
അതേസമയം, അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഇരുസംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
