നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവും മരിച്ചു



തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവും മരിച്ചു. നെയ്യാറ്റിൻകര വ്‌ലാങ്ങാമുറി തിരുമംഗലം അരുൺ കോട്ടേജിൽ കെഎസ്ആർടിസി റിട്ട. എടിഒ കെ.ക്രിസ്തുദാസ് (77) ആണ് മരിച്ചത്. ഭർത്താവ് ദീർഘകാലമായി ചികിത്സയിൽ കഴിയുന്നതിന്റെ മനോവിഷമത്തിൽ കഴിഞ്ഞ ദിവസമാണ് ഭാര്യ ജീവനൊടുക്കിയത്.



കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഭാര്യ പി നളിനകുമാരിയുടെ (65) അന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്, വീടിനുപിന്നിലായി വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ചു നളിന കുമാരി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. നളിന കുമാരിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു.


പക്ഷാഘാതമുണ്ടായ ക്രിസ്തുദാസ് ഏതാനും വർഷങ്ങളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം.

Previous Post Next Post