'ഇന്നു മുതൽ ലോഡ് ഷെഡ്ഡിങ്, പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി'; രാവിലെ പത്രം വായിച്ചവർ ഞെട്ടി, കാര്യം ഇതാണ്



കൊച്ചി: 'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, നാൽപത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടൽ ഭീഷണിയിൽ, പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, പെൻഷനുകൾ മുടങ്ങിയിട്ട് പതിനെട്ട് മാസം' ഇന്ന് പല പത്രങ്ങളിലും വന്ന തലക്കെട്ടുകളാണിവ. സർക്കാരിനെതിരെയെന്ന് തോന്നിക്കുന്ന ഇവ യഥാർഥത്തിൽ വാർത്തകളല്ല. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യങ്ങളാണ്. പിആർഡി നൽകിയിരിക്കുന്ന ഈ പരസ്യം മിക്ക പത്രങ്ങളിലും വന്നിട്ടുണ്ട്.


ഉമ്മൻചാണ്ടി സർക്കാരിനെയും പിണറായി വിജയൻ സർക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് ഇത് നൽകിയിരിക്കുന്നത്. ഒന്നാം പേജിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് കേരളം അനുഭവിച്ച ബുദ്ധിമുട്ടുകളെന്ന് ഇടതുമുന്നണി ആരോപിക്കുന്ന കാര്യങ്ങളാണ് ഉള്ളതെങ്കിൽ രണ്ടാം പേജിൽ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങൾ പരിഹരിച്ചതായി പറയുന്നു.


രണ്ട് പേജ് പരസ്യമാണ് നൽകിയത്. പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഇന്ന് മുതൽ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ഗെയിൽ, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാർത്താ രൂപത്തിൽ പരസ്യം നൽകിയിരിക്കുന്നത്.


'ഓണത്തിനും ക്ഷേമമില്ല, പെൻഷനുകൾ മുടങ്ങിയിട്ട് പതിനെട്ട് മാസം' എന്നാണ് ഒന്നാം പേജിൽ എങ്കിൽ '2000 രൂപ വീതം അറുപത്തിരണ്ട് ലക്ഷം പേർക്ക്, മുടങ്ങാതെ പെൻഷൻ, കൈനിറയെ ക്ഷേമം' എന്നാണ് നൽകിയിരിക്കുന്നത്. കെഎസ്ആർടിസി, ദേശീയപാത സ്ഥലമേറ്റെടുപ്പ്, പാഠപുസ്തക വിതരണം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അടക്കമുള്ളയും താരതമ്യം ചെയ്തിട്ടുണ്ട്.


തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇരുണ്ട കാലം എന്ന പേരിലള്ള സിപിഎം ക്യാംപയിനിന്റെ ഭാഗമാണ് പരസ്യങ്ങൾ. കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്‌സൈറ്റ് തുടങ്ങിയത്. 10 വർഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ തുടർച്ചായയാണ് പത്രങ്ങളിലെ പരസ്യം.

Previous Post Next Post