ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അലര്‍ജി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


ഞണ്ടുകറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിൻ ജൂഡ് (33) ആണ് മരിച്ചത്.

ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് അലർജി രൂക്ഷമായതാണ് മരണകാരണം.

ശനിയാഴ്‌ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചത്. നേരത്തെയും ഞണ്ടുകറികഴിച്ചതിനെ തുടർന്ന് യുവാവിന് അലർജിപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേതുടർന്ന് അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കിയിരുന്നതാണ്. നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ഞണ്ടുകറി കഴിച്ചത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ യുവാവിന്റെ അന്ത്യകർമ്മങ്ങള്‍ നടക്കും.

Previous Post Next Post