രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. പാവപ്പെട്ടവർക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്, ദീർഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാർഥ്യമാക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.


പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരു വർഷം രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ, ഓരോ വീട്ടിലും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെളളം. ക്ഷേമപെൻഷൻ 3000 രൂപ നൽകും. തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ ശൃംഖല യാഥാർഥ്യമാക്കും. മെട്രോമാൻ ഇ ശ്രീധരൻ തയാറാക്കിയ പദ്ധയിൽ ചെറിയ മാറ്റങ്ങളോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവീസ് തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.


ദേവസ്വം ബോർഡ് പുനസംഘടിപ്പിക്കും, ശബരിമല കേസിൽ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സാധാരണക്കാർക്കും തീരദേശ മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായുണ്ട്.


പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, ട്വന്റി 20 കോഓർഡിനേറ്റർ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.


എൻഡിഎ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ


1 പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ഒരു 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നൽകും. ഇത് പലചരക്ക് സാധനങ്ങൾ വാങ്ങാനും മരുന്നുകൾ വാങ്ങാനും ഉപയോഗിക്കാം


2 പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില (എംഎസ്പി) ഉറപ്പാക്കും.


3 തോട്ടം മേഖലയിലെ നിയമങ്ങളും വനനിയമങ്ങളും ഭേദഗതി ചെയ്ത് പ്ലാന്റേഷൻ ഭൂമികളിൽ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കും.


4. ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും.


5. ചികിത്സാ സൗകര്യങ്ങൾക്കായി കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് യാഥാർത്ഥ്യമാക്കും.


6. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.


7. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകും.


8. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ വഴി നൽകും.


9. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും.


10. കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും. കൂടാതെ കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും.


11. കേരളീയർക്ക് പുതിയ തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക്, നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന 'എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം' നടപ്പിലാക്കും.


12. വിഴിഞ്ഞത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയർ ആൻഡ് മറൈൻ എൻജിനീയറിങ് ക്ലസ്റ്റർ, നേമം യാർഡ് മുതൽ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിൾ റെയിൽ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.


13. അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.


14. ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. എല്ലാ ഇതിലൂടെ ശബരിമല, ഗുരുവായൂർ തുടങ്ങി ആരാധനാലയങ്ങളും സംരക്ഷിക്കും. ശബരിമലയിലെ സ്വർണക്കൊള്ളയിൽ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 'ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷൻ' ആരംഭിക്കും.


15. മുല്ലപ്പെരിയാർ - തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ: തമിഴ്നാടിന്റെ ജലാവകാശത്തെ ബാധിക്കാതെ, കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിൻ് ജലലഭ്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായും തമിഴ്നാട് സർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കും.


16. ഓരോ കോർപ്പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികൾ ആവിഷ്‌കരിക്കും.


a. തിരുവനന്തപുരം: ഐടി, ഇന്നൊവേഷൻ തലസ്ഥാനം.


b. കൊച്ചി: ഇന്ത്യയുടെ കപ്പൽ നിർമ്മാണ തലസ്ഥാനം.


C. കോഴിക്കോട്: ഹെൽത്ത് കെയർ, മെഡിക്കൽ ഇന്നൊവേഷൻ ഹബ്.


d. തൃശ്ശൂർ: കേരളത്തിന്റെ സാംസ്‌കാരിക വിനോദസഞ്ചാര തലസ്ഥാനം.


e. കൊല്ലം: സമുദ്രോൽപ്പന്ന കയറ്റുമതിക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ ഇക്കണോമി' ക്ലസ്റ്റർ.


f. കണ്ണൂർ: ഡിഫൻസ് ഇന്നൊവേഷൻ ഹബ്.

Previous Post Next Post