കൊച്ചി: സംവാദമാവാം എന്നു പറഞ്ഞിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടും സ്ഥലവും സമയവും ഇതുവരെ തീരുമാനിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് താനെത്താമെന്ന് സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ എന്ന പോസ്റ്ററോടു കൂടിയാണ് സതീശന്റെ കുറിപ്പ്.
മുഖ്യമന്ത്രിയെ ഞായറാഴ്ച സതീശൻ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. മറുപടിയായി, വികസനത്തിൽ സംവാദത്തിനുണ്ടോ എന്ന ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രംഗത്തുവരികയായിരുന്നു. ‘എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ’’ എന്ന് ചോദിച്ച് മുഖ്യമന്ത്രി, സർക്കാറിൻറെ 37 നേട്ടങ്ങൾ പറയുന്ന കാർഡുകൾ ഷെയർ ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരും ഇത് പങ്കുവെച്ചു. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയാണെങ്കിൽ നമുക്ക് നോക്കാം എന്ന് കൊല്ലത്തു നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻറെ പോസ്റ്റ് വന്നു. ‘‘സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ’’ എന്നായിരുന്നു സതീശൻറെ പോസ്റ്റ്.
