'യഥാർത്ഥ ഇടതുപക്ഷക്കാർ കോൺഗ്രസ് വേദിയിൽ'; ബിജെപിയുമായി കൂട്ടുകച്ചവടം, സിപിഎം തീവ്രലതുപക്ഷമായി മാറി'



കണ്ണൂർ : യഥാർത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോൺഗ്രസിന്റെ ഈ വേദിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കണ്ണൂർ പൊലിസ് മൈതാനിയിൽ യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാർത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോർപ്പറേറ്റ് പാർട്ടികളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സിപിഎം യഥാർത്ഥ ഇടതുപക്ഷമല്ലാതെയായെന്നതിന്റെ തെളിവാണ് കണ്ണൂരിലെ രണ്ട് ഇടത് നേതാക്കൾ ഇവിടെ യുഡിഎഫ് സ്ഥാനാഥികളായി വേദിയിലിരിക്കുന്നത്. രണ്ട് മുതിർന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവർ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ണൂരിലെ 11 യുഡിഎഫ് സ്ഥാനാർഥികളെ വേദിയിലിരുത്തിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.


ബിജെപി, മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. കേരളത്തിൽ എത്തിയാൽ പ്രധാനമന്ത്രി ശബരിമല സ്വർണ കൊള്ള വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വർണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ബിജെപിക്ക് സിപിഎമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. മോദി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും നിയന്ത്രിക്കുന്നു. കേരളത്തിൽ വന്നാൽ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാറില്ല മുഖ്യമന്ത്രി മോദിയെയും വിമർശിക്കാറില്ല കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം ഡീലുണ്ട്. കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആർക്കും അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Previous Post Next Post