കൊല്ലത്ത് ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18കാരന്‍ മരിച്ചു, അന്വേഷണത്തിന് പ്രത്യേക സംഘം



കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് (18) മരിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചികിത്സയ്ക്കിടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അടൂർ മണക്കാല ഗവ. പോളിടെക്‌നിക് കോളജ് വിദ്യാർഥിയാണ്.


ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെയാണ് ഹരികൃഷ്ണന് മർദ്ദനമേറ്റത്. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.


കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോറിക്ഷയിൽ ക്ഷേത്രത്തിലെത്തിയ ഇവർ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തിൽ മറന്നു വച്ചതിനാൽ ഇതെടുക്കാനായി തിരിച്ചു ഓട്ടോറിക്ഷയുടെ അടുത്തേക്കു പോയി. ഭക്ഷണമെടുത്ത ശേഷം തിരികെ ക്ഷേത്രത്തിലേക്കെത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കിൽപെട്ടതോടെ സഹോദരന്മാർ രണ്ടു ഭാഗത്തായിപ്പോയി. തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളിൽ ചിലർ ചോദ്യം ചെയ്തു. തുടർന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്ണൻ പ്രശ്‌നം ഒതുക്കിത്തീർത്തു ഹരികൃഷ്ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി.


പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലർ സഹോദരന്മാരുടെ തോളിൽ കയ്യിട്ടു ആഹാരം കഴിച്ചു വരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടു പോയി മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ജയകൃഷ്ണനെ സദ്യാലയത്തിനകത്തേക്കു കൊണ്ടുപോയ ശേഷം ഹരികൃഷ്ണനെ പുറത്തു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മർദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണൻ അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളിൽ ഒരാൾ 'അവന്മാരെ അടിച്ചു കൊല്ലെടാ' എന്ന് ആക്രോശിച്ചു കൊണ്ടു തടിക്കഷ്ണം കൊണ്ടു തലയ്ക്കടിച്ചതോടെ ഹരികൃഷ്ണന്റെ ബോധം നഷ്ടപ്പെട്ടു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. ജയകൃഷ്ണനും മണക്കാല ഗവ. പോളിടെക്‌നിക് കോളജ് വിദ്യാർഥിയാണ്.

Previous Post Next Post