വീണ്ടും തിരുത്തൽ വരുമോ?; സിപിഎം സംസ്ഥാന സമിതി ഇന്ന്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും

 


തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നതിനായി സിപിഎം സംസ്ഥാന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ജനറൽ സെക്രട്ടറി എംഎ ബേബിയും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായ പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം തേടും. കണ്ണൂർ, പാലക്കാട്, ആലപ്പുഴ, ഇടുക്കി ഉൾപ്പെടെ പല ജില്ലകളിലും ജില്ലാ കമ്മിറ്റികൾ നിർദേശിച്ച പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തൽ വരുത്തിയിരുന്നു.



പേരാവൂരിൽ കെ കെ ശൈലജയേയും തളിപ്പറമ്പിൽ പി കെ ശ്യാമളയേയും മത്സരിപ്പിക്കാൻ സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നു. എന്നാൽ ഈ തീരുമാനങ്ങളിൽ സംസ്ഥാന സമിതിയിൽ എതിർപ്പ് ഉയരാനും സാധ്യതയുണ്ട്. ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാൽ കെ കെ ജയചന്ദ്രൻ മത്സരിച്ചാൽ മതിയെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു.


എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവും ചർച്ചയാകും. പാർട്ടി അവഗണയിൽ മനംമടുത്ത് മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായേക്കും. ഒറ്റപ്പാലത്ത് പി കെ ശശിയുടെ വിമത നീക്കവും സംസ്ഥാന സമിതിയിൽ ഉയർന്നേക്കും.

Previous Post Next Post