'പോറ്റിയേ കേറ്റിയേ' പാടി പ്രചാരണം: യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഇനിയും പാടുമെന്ന് പഴകുളം മധു



പത്തനംതിട്ട: 'പോറ്റിയേ കേറ്റിയേ' പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ റാന്നിയിലെ കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെ പരാതി നൽകിയത്


താൻ ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ലെന്ന് പഴകുളം മധു പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ള പ്രചാരണവേളയിൽ ഉന്നയിക്കുമെന്നും ഈ പാരഡി പാട്ട് ഇനിയും പാടുമെന്നും പഴകുളം മധു പറഞ്ഞു. പരാതിക്ക് പിന്നിൽ റാന്നിയിലെ ഇടതു സ്ഥാനാർഥിയാണ്. നേരത്തെയും ഈ പാട്ടിനെതിരെ പരാതി നൽകിയ ആളാണ് പ്രസാദ് കുഴിക്കാലയെന്നും യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു.


ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരും 'പോറ്റിയേ കേറ്റിയേ? പാരഡി പാട്ട് പാടി പ്രചാരണം നടത്തിയിരുന്നു. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്തുവന്നിരുന്നു. പാരഡി പാട്ടിനെതിരെ നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post