മെട്രോ അങ്കമാലിയിലേക്ക്; വിശദ പദ്ധതി രേഖ മാർച്ചിൽ; രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന് സ്മാർട്ട് സിറ്റിയിലേക്ക്

കൊച്ചി: അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ മാർച്ച് പകുതിയോടെ തയാറാവുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്‌നാഥ് ബെഹറ. കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന് സ്മാർട് സിറ്റിയിലേക്ക് നീട്ടുന്നതിന് അംഗീകാരമായെന്ന് ബെഹ്റ അറിയിച്ചു.


കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും. ചെമ്പ് മുക്കിലും പടമുകളിലും സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.


മെട്രോയിൽ എഐ

പുതിയ പദ്ധതികളിൽ നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്-എഐ) സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് ബെഹ്റ പറഞ്ഞു. കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടം, അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടം, തിരുവനന്തപുരം മെട്രോ എന്നിവയിലെല്ലാം എഐ ഉപയോഗിക്കും. തുടക്കത്തിൽ അഞ്ചുമേഖലകൾ കേന്ദ്രീകരിച്ചാണ് ഇതിന് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎംആർഎല്ലും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണയിലെത്തിയിട്ടുണ്ട്. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിൻ എന്നിങ്ങനെയുള്ള പുത്തൻ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിൽ ഉൾപ്പെടെ ഇവർ കെഎംആർഎല്ലിന് ആവശ്യമായ പിന്തുണ നൽകും.


ടിക്കറ്റിങ്, തിരക്കുനിയന്ത്രണം, ഷെഡ്യൂൾ തയ്യാറാക്കൽ തുടങ്ങിയവയിലാണ് എഐ ഉപയോഗിക്കുക. ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കും. വാട്ടർമെട്രോയിലും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനുപുറമേ രാജഗിരി എൻജിനിയറിങ് കോളേജും ഇതിന് കൊച്ചി മെട്രോയെ സഹായിക്കും.


നിലവിലെ മെട്രോ റൂട്ടിൽ എഐ സാങ്കേതികത ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരം പുതിയ പാതകളിൽ ഇത് അവതരിപ്പിക്കുന്നതാണ്. നിലവിലുള്ള റൂട്ടിൽ എഐ നടപ്പാക്കുന്നതിന് കൂടുതൽ ചെലവുവരും. ഇത് കണക്കിലെടുത്താണ് മെട്രോയുടെ രണ്ട്, മൂന്ന് ഘട്ടങ്ങളും തിരുവനന്തപുരം മെട്രോയുമെല്ലാം കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

Previous Post Next Post