'തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാൻ ഞാനില്ല'

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാൽ, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോൾ അത് എല്ലാവർക്കും മനസിലാകുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


'ഞങ്ങൾ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോൾ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവർക്ക് അംഗീകരിക്കാൻ പറ്റുമോ? മാഷിന് പിണറായി വിജയൻ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാൻ ഒരു ട്രോളിൽ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും. അവര് ജയിക്കുമെന്ന് അവര് പറഞ്ഞോട്ടെ.'- വി ഡി സതീശൻ പരിഹസിച്ചു.


'വികസനമല്ലാതെ മറ്റെന്താണ് ഞങ്ങൾ ഇതുവരെ പറഞ്ഞിട്ടുള്ളത്. പുതുയുഗ യാത്ര എന്നു പറഞ്ഞാൽ, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോൾ അത് എല്ലാവർക്കും മനസിലാകും. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങൾ സ്വീകരിക്കാം.'- വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്നും യുഡിഎഫ് കാണുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമുള്ള ആക്ഷേപത്തിന് മറുപടിയായി വി ഡി സതീശൻ പറഞ്ഞു.


സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. 'ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. കാരണം ഞങ്ങൾക്ക് വേറെ പണിയുണ്ട്. ഈ കുറ്റം പറയുന്നവർക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം കേറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണ്? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കൾ. പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല. എൻഎസ്എസിലോ എസ്എൻഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താൽ നിങ്ങൾ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാൻ. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങൾ അവർ നോക്കിക്കോളും, അവിടെയുള്ള പ്രശ്നങ്ങൾ അവർ തന്നെ പരിഹരിച്ചോളും.'- അദ്ദേഹം പറഞ്ഞു.

Previous Post Next Post