'നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. ചലച്ചിത്ര ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുമ്പോൾ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


ആശാ വർക്കർമാരുടെ സമരം പരിഹരിച്ചില്ലെങ്കിൽ അത് സർക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് കരുതുന്നതെന്ന് പ്രേംകുമാർ പറഞ്ഞു. 'ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. പുറത്താക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. അതിൽ അഭിപ്രായം പറയാൻ താൻ ആളല്ല. ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവർത്തിക്കുമ്പോൾ അവിടെ നമുക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച സഹപ്രവർത്തകരുണ്ട്. അവരോട് ഒരു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം. മാന്യമായ യാത്ര അയപ്പ് പോലും ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരാളുണ്ടന്ന് കരുതുക. നാളെ മുതൽ അയാൾ വരേണ്ടെന്ന് തീരുമാനിച്ചാൽ നമ്മൾ ഇന്നുതന്നെ അദ്ദേഹത്തോട് പറയും. കൂലി ബാക്കിയുണ്ടെങ്കിൽ വാങ്ങിച്ചോണം. അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ അത് എടുക്കണമെന്ന് പറയുന്നത് സാമാന്യമര്യാദയാണ്. ആ ഒരു സാമാന്യ മര്യാദ എന്നോട് കാണിച്ചില്ല. താൻ പോയതിന് പിന്നാലെ നടന്ന സാസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാൻ പോലും സർക്കാർ തയ്യാറായില്ല'


'സച്ചിദാനന്ദൻ വളരെ ആദരണീയനായ പ്രതിഭയാണ്. അദ്ദേഹവുമായി ഒരു താരതമ്യം പോലും ഞാൻ അർഹിക്കുന്നില്ല. പക്ഷെ കേരളത്തിലെ രണ്ട് പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളാണ് ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും. അവിടെ ഒരാളെ ഒരു പ്രതികരണം നടത്തിയതിന്റെ പേരിൽ പുറത്താക്കുകയും മറ്റൊരാൾ അവിടെ തുടരുകയും ചെയ്യുകയെന്നത് ഇരട്ട നീതിയാണ്. ഒരുപക്ഷേ എനിക്ക് ഇല്ലാത്ത എന്തോ ഒരു അത്ഭുത സിദ്ധി മാഷിന് ഉണ്ടാകും. അതുകൊണ്ടാണ് ആ സ്ഥാനത്ത് തുടരുന്നത്. സച്ചിദാനന്ദൻ മാഷ് ആ സ്ഥാനത്ത് തുടരുന്നതിലല്ല. അവിടെ ഒരു സാമാന്യ നീതിനിഷേധം ഉണ്ടായി. എന്നോട് കാണിച്ച നീതിയല്ല അദ്ദേഹത്തിനോട് ഉണ്ടായത്'.


ആ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം തുടരുന്നത് വിധേയത്വമാണോ, വിനീതത്വമാണോ എന്നൊന്നും എനിക്കിറിയില്ല. കോളജിൽ പഠിക്കുമ്പോൾ കെഎസ് യു പ്രവർത്തകനായിരുന്നു ഞാൻ. പിഎ ബക്കർ കേരളത്തിലെ കമ്യൂണിസ്റ്റ് സ്ഥാപക നേതാവായ പി കൃഷ്ണപിള്ളിയുടെ ജീവിതകഥ പറയുന്ന സഖാവ് എന്ന സിനിമയിൽ ഞാനാണ് അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി, മനുഷ്യപക്ഷത്തുനിൽക്കുന്ന നിലപാടുകളാണ് എന്നെ മാർക്‌സിസത്തോട് അടുപ്പിച്ചത്. കഴിഞ്ഞ 35 വർഷമായി കമ്യൂണിസ്റ്റ് ആശയങ്ങളുമായി ചേർന്നുനിന്നാണ് പ്രവർത്തിച്ചത്. അതിനിടെ തന്റെ ചില ലേഖനങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചു. അങ്ങനെയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർബന്ധത്തെ തുടർന്നാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. ഒരു സിനിമ പോലും ചെയ്യാതെ പൂർണമായി പ്രവർത്തിച്ചപ്പോൾ എനിക്ക് ഓണറേറിയമായി ലഭിച്ചത് പതിനായിരം രൂപയായിരുന്നു. ആ സമയത്ത് സിനിമ നടൻ എന്ന നിലയിൽ പരിപാടിക്ക് പോകുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് തന്റെ ജീവിതം മുന്നോട്ട് പോയത്. അവിടെ നിന്ന് പറഞ്ഞ് വിടുമ്പോൾ മാന്യമായി വേണമെന്ന ഒരു മനുഷ്യന്റെ സാമാന്യ പ്രതികരണമാണ് എന്നിൽ നിന്ന് ഉണ്ടായത്. എന്താണ് പുറത്താക്കിയതിന്റെ കാരണം എന്ന് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല' പ്രേംകുമാർ പറഞ്ഞു.

Previous Post Next Post