കൊച്ചി: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തീരുമാനിക്കുന്നത് ചെയർമാൻ തന്നെയാണ്, അതിൽ സംശയം വേണ്ടെന്ന് റോഷി അഗസ്റ്റിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി തീരുമാനിച്ചു എന്നല്ല റോഷി പറഞ്ഞത്, തീരുമാനിക്കുമെന്നാണ്. മാധ്യമങ്ങൾ ഭാവനയിൽ വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൈക്ക് തട്ടിപ്പറിക്കുകയല്ല ഉണ്ടായത്. സഹോദരതുല്യരാണ് തങ്ങളെന്നും ആ സ്വാതന്ത്ര്യം റോഷി അഗസ്റ്റിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനലുകൾ നൽകുന്ന പല വാർത്തകളും സ്വന്തമായി നിർമിക്കുന്ന നരേറ്റീവുകൾ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു പാർട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അതിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുപോലെ ഗൗരവകരമായ ചർച്ചയാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ തെരഞ്ഞെടുപ്പും വളരെ പ്രധാനപ്പെട്ടതാണ്. വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനങ്ങൾക്ക് പിന്നാലെ പോകണം. അതനുസരിച്ച് വേണം ഈ തെരഞ്ഞെടുപ്പിനെ കാണാനെന്നും ജോസ് കെ മാണി പറഞ്ഞു. പാർട്ടി നേതൃത്വവും അണികളും താൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം, എന്നാൽ അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾ മത്സരിക്കുമെന്ന് പറയുന്നതിൽ എവിടെയാണ് ഇത്ര കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫിന്റെ വികസനമുന്നേറ്റ ജാഥയുടെ ശോഭ കെടുത്താൻ സംഘടിതനീക്കം നടക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പിന്നിൽ പെയ്ഡ് പ്ലാറ്റ്‌ഫോമാണെന്നും ഇതൊന്നും ജനങ്ങൾ മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.
