'ബേപ്പൂർ എംഎൽഎയായി അൻവർ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

 


കോഴിക്കോട്: ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരിൽ അൻവർ പ്രചാരണം തുടങ്ങിയല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.



'ബേപ്പൂർ എംഎൽഎയായി അൻവർ ജയിച്ചുവരും. ഉറപ്പായും' എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഇതിനകം തന്നെ ബേപ്പൂർ മണ്ഡലത്തിൽ പ്രചാരണപ്രവർത്തനങ്ങളുമായി അൻവർ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫിലെ ആദ്യസ്ഥാനാർഥി പ്രഖ്യാപനം കൂടിയായി ഇത്. സിറ്റിങ് എംഎൽഎയും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് തന്നെയാകും മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. അൻവർ സ്ഥാനാർഥിയായി എത്തുന്നതോടെ പിഎ മുഹമ്മദ് റിയാസിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.


പിണറായിസവും മരുമോനിസത്തിനെതിരായി പ്രചാരണം തുടങ്ങിയിട്ട് ഒന്നരക്കൊല്ലമായെന്ന് പിവി അൻവർ പറഞ്ഞു. 'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ഒരു മണ്ഡലത്തിലേ മത്സരിക്കുകയുള്ളുവെന്ന് താൻ നേരത്തെ തന്നെ യുഡിഎഫ് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ കുടുംബാധിപത്യ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള പോരാട്ടമാണ് ഇത്' അൻവർ പറഞ്ഞു.


നേരത്തെതന്നെ ലീഗ് നേതാവ് എംസി മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. ഭരണവിരുദ്ധവികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാൻ അൻവറിന് കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ബേപ്പൂർ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി. അൻവർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താൻ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

Previous Post Next Post