സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോർട്ട്


 പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തൽ. സംവിധായകൻ അനുരാജ് മനോഹർ വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തി. പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തി. മകരവിളക്ക് ദിവസം ഹിൽടോപ്പിൽ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലൻസ് എസ്പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ വീഡിയോയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സംവിധായകൻ അനുരാജ് മനോഹർ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നൽകിയിരുന്നു. പമ്പ പ്രമേയമാക്കിയ ചിത്രത്തിൽ, മകരവിളക്ക് അടക്കം ഷൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശബരിമലയിൽ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുള്ള കാര്യം ചൂണ്ടിക്കാട്ടി കെ ജയകുമാർ അനുമതി നിഷേധിച്ചിരുന്നു.


ദേവസ്വം പ്രസിഡന്റ് അനുമതി നിഷേധിച്ചതിനെത്തുടർന്ന്, സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള എഡിജിപിയെ സമീപിച്ചു. അദ്ദേഹം പമ്പയിൽ ഷൂട്ടിങ്ങിന് അനുമതി നൽകിയെന്നാണ് അനുരാജ് മനോഹർ പറയുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെത്തുടർന്ന്, ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ, ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറിന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. ഈ റിപ്പോർട്ടാണ് പ്രസിഡന്റിന് നൽകിയത്.


പരാതിയിൽ പറയുന്നത് വാസ്തവമായ കാര്യമാണ്. മകരവിളക്ക് മാത്രമല്ല, മറ്റു പല ദിവസങ്ങളിലും സന്നിധാനത്തും പരിസരത്തും ചിത്രീകരണം നടത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന പെൻഡ്രൈവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമോപദേശം തേടി. ഏതൊക്കെ തരത്തിലുള്ള നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ലീഗൽ സെല്ലിനോട് കെ ജയകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post