വീഴ്ച പറ്റി, ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ഷാഹിദ; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കൽ കോളജ്

 


ആലപ്പുഴ: വീട്ടമ്മയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തിൽ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കൽ കോളജ്. ആർഎംഒ ഡോക്ടർ ലക്ഷ്മിയുടെ നേതൃത്വത്തിൽ, സർജറി വിഭാഗം മേധാവി ഡോ. സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രൊഫസർ അനസൂയ, ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർ രാഖിൻ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നതെന്നും വണ്ടാനം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ അറിയിച്ചു.


രാവിലെ തന്നെ പ്രിൻസിപ്പലും സൂപ്രണ്ടും ആർഎംഒയും അടങ്ങുന്ന സമിതി, പ്രാഥമിക അന്വേഷണം നടത്തുകയും കേസ് ഷീറ്റ് അടക്കം പരിശോധിക്കുകയും ലഭ്യമായ വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായിട്ടാണ് ആർഎംഒ ഡോക്ടർ ലക്ഷ്മിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സർക്കാർ നിർദേശപ്രകാരമുള്ള നടപടികൾ ഉറപ്പായും സ്വീകരിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു.


ശസ്ത്രക്രിയയിൽ പങ്കെടുത്തവരിൽ നിലവിൽ സർവീസിൽ ഉള്ളവരും വിരമിച്ചവരും ഉൾപ്പെടുന്നു. ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ലളിതാംബികയുടെ യൂണിറ്റാണ്. ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടത്തിയതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. ഡോ. ഷാഹിദ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലിൽ ഇല്ല. അവർ സ്ഥലംമാറിപ്പോയെന്നും, എന്നാൽ ഇപ്പോഴും സർക്കാർ സർവീസിൽ ഉണ്ടെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പലും മെഡിക്കൽ കോളജ് സൂപ്രണ്ട് ഹരികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഗർഭപാത്രത്തിലെ മുഴയുമായി ബന്ധപ്പെട്ടാണ് ഉഷ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വരുന്നത്. 12. 05.2021 നാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസം കൂടി ആശുപത്രിയിൽ കിടന്നതിനുശേഷമാണ് അവർ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോയത്. പിന്നീട് അവർ ചികിത്സയ്ക്കായി എത്തിയതായി രേഖകളിൽ കണ്ടെത്താനായിട്ടില്ല. അടുത്തിടെ യൂറിനറി പ്രോബ്ലവുമായി ബന്ധപ്പെട്ട് എക്‌സ്‌റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയാ ഉപകരണം ഉള്ളതായി കണ്ടെത്തുന്നതെന്നാണ് മനസ്സിലാക്കുന്നത്.


ഇന്നലെ രോഗിയായ ഉഷ ഗൈനക്കോളജി വിഭാഗം മേധാവിയെ വന്നു കണ്ടിരുന്നു. ഈ സംഭവം മനസ്സിലാക്കിയതോടെ വേണ്ട പരിശോധനകൾ നടത്തി. ഇന്നലെത്തന്നെ അഡ്മിറ്റ് ആകാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് ഡോക്ടർ ഹരികുമാർ പറഞ്ഞു. വളരെ നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആളുകൾക്കിടയിൽ ഈ സംഭവം വളരെ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. അതിനാൽ തന്നെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വ്യക്തമാക്കി.


വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചു കയറി. ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. മെഡിക്കൽ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.

Previous Post Next Post