യുവതീപ്രവേശനത്തെ എതിർത്തതിൽ പ്രതികാരം, കേസിൽ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സർക്കാരിനെതിരെ കണ്ഠരര് രാജീവര്

 


തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹർജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. തന്നെ കേസിൽ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോൾ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതിൽ സർക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയിൽ പറഞ്ഞു.


സർക്കാരിന്റെ താൽപ്പര്യപ്രകാരം അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാൻ ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. താൻ അതിനെ ശക്തിയുക്തം എതിർത്തു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ തന്നോട് രോഷമുണ്ടായിരുന്നു. ഭരണകക്ഷിയിലെ പലർക്കും തന്നോട് പകയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വർണക്കൊള്ളയിൽ തന്ത്രിക്കും പങ്കുണ്ടെന്ന വാദം മെനഞ്ഞതെന്നും കണ്ഠരര് രാജീവര് ആരോപിക്കുന്നു.


ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. അതിനെയും താൻ എതിർത്തു. തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാൾ കൂടുതൽ അടുപ്പം മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉണ്ടായിരുന്നു. ഇതു മറയ്ക്കുന്നതിനു വേണ്ടിയാണ് താനും പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. ചിത്രങ്ങളാണ് തെളിവെങ്കിൽ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി ചോദിച്ചു.


ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തിരുന്നു. പോറ്റിയുടെ ഭാര്യാപിതാവ് ശബരിമലയിൽ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരൻ ശബരിമലയിൽ ഗാർഡായും ജോലി ചെയ്തിട്ടുണ്ട്. പോറ്റിക്ക് ശബരിമലയിൽ വരാൻ ഇങ്ങനെ ബന്ധമുണ്ടായിരുന്നു. ഈ വിവരങ്ങൾ അടക്കം എസ്‌ഐടി അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും, മാധ്യമങ്ങളിൽ നിന്നുവരെ ഒളിപ്പിച്ചു വെച്ചു. താൻ വഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു പിടിച്ചതെന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയിൽ ആരോപിക്കുന്നു.

Previous Post Next Post