ഒന്നും ഓർമ്മയില്ലെന്ന് എങ്ങനെ പറയാനാകും?; ഡോക്ടർ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാൻ വിദഗ്ധ സമിതി

 


തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഡിഎംഇക്ക് ലഭിച്ചു. വിശദമായ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും. ഇത് അനുസരിച്ചുള്ള കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


വിധഗ്ധ സമിതി റിപ്പോർട്ട് പ്രകാരം വകുപ്പുതല നടപടി ഉണ്ടാകും. വീഴ്ച വരുത്തിയ ഇപ്പോൾ സർവീസിൽ ഉള്ള വ്യക്തികളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. റിപ്പോർട്ട് പൊലീസിന് കൈമാറി നിയമ നടപടികൾക്ക് തുടർച്ചയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ ഉഷയുടെ മകനുമായി സംസാരിച്ചിരുന്നു. ശസ്ത്രക്രിക്ക് മുൻപും ശേഷവും ഡോക്ടറെ വീട്ടിൽ പോയി കണ്ടിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്നവർ വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. ഇതുൾപ്പെടെ പരിശോധിച്ച് നടപടി സ്വീകരിക്കും.


ഉഷയുടെ ശസ്ത്രക്രിയയിൽ ആരോപണ വിധേയായ ഡോക്ടർ ലളിതാംബിക ഉയർത്തിയ വാദങ്ങൾ വീണ ജോർജ് തള്ളി. വീഴ്ച വരുത്തിയത് താനല്ല, ഉഷയെ ഓർമയില്ല എന്ന നിലപാട് അംഗീകരിക്കാൻ ആകില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങൾ പ്രകാരമാണ് ശസ്ത്രക്രിയകൾ നടക്കുന്നത്. സ്‌ക്രബ് നേഴ്‌സ് ഇല്ലാതെ ശസ്ത്രക്രിയ നടക്കില്ല. എല്ലാവീഴ്ചകൾക്കും ഇരുവർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Previous Post Next Post