പത്തനംതിട്ട: ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സിനിമാതാരങ്ങളും വ്യവസായികളുമെല്ലാം വൻതോതിൽ സ്വർണം നൽകി. ശബരിമലയിലേക്ക് സിനിമാക്കാരായ സുരേഷ് ഗോപി, സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ എന്നിവർ സ്വർണം സംഭാവന നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. 2017 ൽ പുതിയ കൊടിമരം സ്വർണം പൂശി സ്ഥാപിക്കാൻ തീരുമാനിച്ച സമയത്ത് നൽകിയ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
കൊടിമരം സ്വർണം പൂശാൻ വിശ്വാസികളായ വിവിധ ആളുകളിൽ നിന്നും സ്വർണം ഇത്തരത്തിൽ വാങ്ങിയിരുന്നു. 2017 ജൂൺ അഞ്ചാം തീയതി പമ്പയിൽ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. സ്വർണം പൂശാനോ, പാളി ഉണ്ടാക്കാനോ പറ്റുന്ന തരത്തിൽ സ്വർണത്തകിടുകളാണ് സംഭാവനയായി സ്വീകരിച്ചത്. അന്ന് 80.49 ഗ്രാം സ്വർണം ലഭിച്ചുവെന്നാണ് ദേവസ്വം രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ 10 ന് 246 ഗ്രാം സ്വർണം ലഭിച്ചുവെന്നും ദേവസ്വം രേഖകളിൽ പറയുന്നു.
ഈ സ്വർണം സംഭാവന ചെയ്തത് ഒരു സിനിമാ നിർമ്മാതാവ് ആണെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നടന്മാരും വ്യവസായികളും അടക്കം സ്വർണം സംഭാവന ചെയ്തവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതെയും, ഇവർക്ക് രസീതു നൽകാതിരുന്നതിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് വിജിലൻസ് സംശയിക്കുന്നത്. സംഭാവന നൽകിയവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
വിശ്വാസികളിൽ നിന്നും വലിയ അളവിൽ സ്വർണം സംഭാവനയായി ലഭിച്ചിട്ടുണ്ട്. കൂടാതെ 9 കിലോയോളം സ്വർണം ദേവസ്വം ബോർഡ് പണം നൽകി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ സ്വർണം പൂശിയതിൽ ഏതാണ്ട് 30 പവനോളം സ്വർണം മിച്ചം വന്നു. ആ സ്വർണം എവിടെയെന്ന് കൃത്യമായ കണക്കില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കൊടിമരപ്രതിഷ്ഠയിലെ സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു.
