തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻ ലഭിക്കാത്തതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ അന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പിണറായി സർക്കാരിനെ വീണ്ടും വെട്ടിലാക്കി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ ഇല്ലാത്തതു കൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്നാണ് സി ദിവാകരന്റെ വിമർശനം.
'ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇൻഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ. ഇത്ര നാൾ ആയിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്പോർട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാരല്ലേ'- സി ദിവാകരൻ ചോദിക്കുന്നു.
പിണറായി വിജയന് സാധാരണ മീൻ പോരെന്നും എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീൻ വേണമെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ദിവാകരന്റെ വാക്കുകൾ. 'പിണറായി വിജയന് സെലക്ടീവ് ഫുഡാണ്. തിരുവനന്തപുരത്തെ പല പ്രവർത്തകർക്കും പിണറായിയുടെ ഫുഡ് ഹാബിറ്റ് പിടിയില്ല. ഫിഷ് ഭയങ്കര ഇഷ്ടമാണ്. സാധാരണ മീൻ ഒന്നും പോരാ. എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീൻ വേണം. ഇവിടെ എവിടെയാണ് ഉച്ചയ്ക്ക് നമ്മുടെ ഭക്ഷണം പറഞ്ഞിരിക്കുന്നത്. ഞാൻ പറഞ്ഞു ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ്.പുള്ളിക്ക് തീരെ ഇഷ്ടമായില്ല. കാരണം ആനത്തലവട്ടം ആനന്ദനും വിഎസും തമ്മിൽ നല്ല ബന്ധമാണ്. അന്ന് പിണറായി വിഎസിന്റെ ശത്രുവായിരിക്കുന്ന സമയമാണ്. അങ്ങേര് പറഞ്ഞ് വേറെ ആരും കിട്ടിയില്ലേ. ഞാൻ പറഞ്ഞു കുഴപ്പമില്ല. കറികൾ എല്ലാം വിളമ്പി. മീൻ കൊണ്ടുവന്നു വച്ചു. അതിൽ വിരൽ ഇട്ട് അമർത്തി. വലിയ കഷണമാണ്. വറുത്തതാണ്. ഇത് എന്തുമീൻ ആണ്? എനിക്ക് അറിയില്ലായിരുന്നു. ഞാൻ അവിടെയുള്ള ഒരാളോട് ചോദിച്ചു. മീൻ ചൂരയാണ്. ചൂര ഒന്നിനും കൊള്ളാത്ത മീനാണ്. പിണറായിയോട് ചൂരയാണ് എന്ന് പറഞ്ഞു. അദ്ദേഹം ഉണ്ടില്ല എഴുന്നേറ്റു. എകെജി സെന്ററിൽ കാണാം. ദിവാകരൻ പോകുമ്പോൾ വിളിച്ചാൽ മതി. പിണറായി വിജയൻ പോയി. സത്യനേശൻ ആണ് അന്ന് ജില്ലാ സെക്രട്ടറി. ഉണ്ണാതെ പോയപ്പോൾ എല്ലാവർക്കും പേടിയായി. സത്യനേശൻ എന്നോട് പറഞ്ഞു സഖാവേ എന്തെങ്കിലും പറ്റോ. നടപടിയെടുക്കോ? അതൊന്നുമില്ല. ഞാൻ പറയാം. നല്ല മീൻ കിട്ടിയില്ല എന്ന് ഒന്നു പറഞ്ഞേക്കണം. നാളെ പാറശാലയിലാണ്. നാളെ രാവിലെ പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി നേരെ പാറശായിൽ കൊണ്ടുപോയി കൊടുക്കണം. നല്ല കറിവെച്ച് നാളെ കൊടുത്താൽ നാളെ നമുക്ക് പരാതിയെല്ലാം തീർക്കാം. സത്യനേശൻ വെളുപ്പാൻകാലത്ത് അഞ്ചുമണിക്ക് പാളയം മാർക്കറ്റിൽ നിൽക്കുകയാണ് മീൻ വാങ്ങാൻ. മീൻ മേടിച്ചു കൊണ്ടുപോയി കറി വെച്ചു. വന്ന് കറികളെല്ലാം നോക്കും. ദിവാകരാ ഇന്ന് എങ്ങനെയാണ് മീൻ. നല്ല മീൻ ആണ് എന്ന് ഞാൻ പറഞ്ഞു. അത് എങ്ങനെ ഇന്ന് നല്ല മീൻ. ഇന്നലെ എന്തുകൊണ്ട് നല്ല മീൻ കിട്ടിയില്ല. ഇന്ന് ഏർപ്പാട് ഉണ്ടാക്കി എന്ന് ഞാൻ പറഞ്ഞു. സഖാവ് കഴിക്കണം. കഴിച്ചപ്പോൾ ഭയങ്കര സന്തോഷമായി'- ദിവാകരൻ പറഞ്ഞു.
പ്രസ്താവന വിവാദമായതിനെ പിന്നാലെ, താൻ ഇതൊരു കൗതുക വാർത്തയായിട്ടാണ് പറഞ്ഞതെന്നായിരുന്നു ദിവാകരന്റെ മറുപടി. 'പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല. അന്ന് പിണറായിയുടെ കൂടെ ജാഥയുടെ വൈസ് ക്യാപ്റ്റനായി രാവും പകലും ഞാൻ ഉണ്ടായിരുന്നു. എന്റെ വെളിപ്പെടുത്തൽ കൗതുകമായി കണ്ടാൽ മതി. വിവാദമാക്കേണ്ട ആവശ്യമില്ല'-ദിവാകരൻ പറഞ്ഞു.
