തിരുവനന്തപുരം: കേരള സർക്കാർ പുറത്തിറക്കുന്ന നേറ്റിവിറ്റി കാർഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവിൽ വില്ലേജ് ഓഫിസിൽ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് സർക്കാർ നൽകുക. നടപ്പ് സമ്മേളനത്തിൽ ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് ശ്രമം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നേറ്റിവിറ്റി കാർഡ് നൽകാനുള്ള തീരുമാനത്തിൽ തുടർ നടപടിയുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കാണ് കേരളത്തിൽ ജനിച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. മാതാപിതാക്കൾ കേരളത്തിൽ ജനിച്ചവരാണെങ്കിൽ സംസ്ഥാനത്ത് ജനിക്കാത്ത മക്കൾക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും. മാതാപിതാക്കളിൽ ഒരാളോ രണ്ടു പേരോ കേരളത്തിന് പുറത്ത് ജനിച്ചവരും വിവാഹ ശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരുമാണെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് അർഹതയുണ്ട്.
സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന നേറ്റിവിറ്റി കാർഡിന് നിയമനിർമാണം നടത്താൻ 20 കോടി രൂപ ബജറ്റിൽ സർക്കാർ നീക്കിവെച്ചിരുന്നു. എസ്.ഐ.ആർ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളിൽ ഉൾപ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാനം നേറ്റിവിറ്റി കാർഡ് എന്ന രേഖ നൽകുന്നതെന്നാണ് ബജറ്റിൽ വിശദീകരിച്ചത്. ഫോട്ടോ പതിച്ച കാർഡ് സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയിൽ രേഖയായും ഉപയോഗിക്കാം. കാർഡിന്റെ വിതരണ ചുമതല തഹസിൽദാർമാർക്കായിരിക്കും.
