കെ ടെറ്റ് രണ്ടുവർഷത്തിനുള്ളിൽ എഴുതിയെടുത്താൽ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി


 

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം നേടുന്ന അധ്യാപകർ രണ്ട് വർഷത്തിനുളളിൽ കെ ടെറ്റ് നേടിയാൽ മതിയെന്ന് മന്ത്രി വി ശിവൻ കുട്ടി. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിസംവരണത്തിൽ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. എന്നാൽ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാൽ രണ്ടായിരത്തി പന്ത്രണ്ടിന് മുമ്പ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ 2025 സെപ്റ്റംബർ 1-ന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി, ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വർഷം കെ-ടെറ്റ് പാസ്സാകാൻ സമയം നൽകുന്നുണ്ട്.


ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാൽ, രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയിൽ, 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണ്.


ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൃത്യമാക്കാൻ ആധാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ആധാർ കാർഡിലെ ചെറിയ തെറ്റുകൾ മൂലമോ അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നു. ഇത് തസ്തികകൾ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു.


ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു അധ്യാപകന്റെയും ജോലി പോകരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെയും, തെറ്റുകൾ തിരുത്താൻ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Previous Post Next Post